വൈകിയെത്തിയ ആദരം; ഡോ കെ എസ് മണിലാലിന് ജന ജാഗ്രതാപുരസ്കാരം

By Web TeamFirst Published Jan 29, 2019, 12:47 PM IST
Highlights

നെതല്‍ലന്‍റ് സര്‍ക്കാര്‍ പരമോന്നത സിവിലിയന്‍ പുരസ്ക്കാരം നല്‍കി ആദരിച്ചെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇദ്ദേഹത്തെ ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല

കോഴിക്കോട്: ഡോ കെ എസ് മണിലാലിന് പ്രസാധന രംഗത്തെ പെണ്‍കൂട്ടായ്മയായ സമതയുടെ ജന ജാഗ്രതാ പുരസ്കാരം. ശാരീരികമായ അസ്വസ്ഥതകളുമായി കോഴിക്കോട്ടെ വീട്ടില്‍ കഴിയുന്ന ഡോ മണിലാലിനെ ആദരിക്കാന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനാണ് എത്തിയത്. വിഖ്യാതഗ്രന്ഥമായ ഹോര്‍ത്തൂസ് മലബാറിക്കസ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ ലോകപ്രശസ്ത ശാസ്ത്രജ്ഞനാണ് ഡോ കെ എസ് മണിലാൽ.

നെതല്‍ലന്‍റ് സര്‍ക്കാര്‍ പരമോന്നത സിവിലിയന്‍ പുരസ്കാരം നല്‍കി ഇദ്ദേഹത്തെ ആദരിച്ചെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അദ്ധേഹത്തെ ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല.

കേരളത്തിലെ എഴുന്നൂറ്റി നാൽപ്പത്തിരണ്ട് സസ്യങ്ങളുടെ സവിശേഷതകളും നാട്ടുചികിത്സയും അവതിപ്പിച്ച വിഖ്യാത ഗ്രന്ഥമാണ് ലാറ്റിന്‍ ഭാഷയില്‍ രചിച്ച ഹോര്‍ത്തൂസ് മലബാറിക്കസ്. പതിനേഴാം നൂറ്റാണ്ടില്‍ രചിച്ച ഈ ഗ്രന്ഥം മുന്നൂറ്റി ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റപ്പെടുന്നത്.

കോഴിക്കോട് സ്വദേശിയായ ശാസ്ത്രജ്ഞന്‍ ഡോ കെ എസ് മണിലാലായിരുന്നു വിവര്‍ത്തകന്‍. പാശ്ചാത്യ ലോകത്ത് മുന്നൂറിലേറെ പണ്ഡിതരും സസ്യശാസ്ത്രജ്ഞരും ഹോര്‍ത്തൂസ് മലബാറിക്കസ് പരിഭാഷപ്പെടുത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടിടത്താണ് ഈ മലയാളിയുടെ വിജയം.  

2003 ല്‍ ഇംഗ്ലീഷിലെത്തിയ പുസ്തകം 2008ൽ മലയാളത്തിലേക്കും ഇദ്ദേഹം മൊഴിമാറ്റി. നെതര്‍ലന്‍റ് സര്‍ക്കാര്‍ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ഓഫീസര്‍ ഇന്‍ ദ ഓര്‍ഡര്‍ ഓഫ് ഓറഞ്ച് നാസൗ' നല്‍കി ഡോ.മണിലാലിനെ ആദരിച്ചു. 

ഹോര്‍ത്തൂസ് മലബാറിക്കസിന്‍റെ മൊഴിമാറ്റത്തിനായി അരനൂറ്റാണ്ട് ഉഴിഞ്ഞുവച്ച ഈ ശാസ്ത്രജ്ഞനെ പക്ഷേ, കോഴിക്കോട്ടുകാര്‍ പോലും അർഹിക്കുന്ന രീതിയിൽ തിരിച്ചറിഞ്ഞിട്ടില്ല.

click me!