സിപിഎം ഓഫീസിലെ റെയ്ഡ്: ചൈത്രയെ തള്ളാതെ ഡിജിപി; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കെെമാറി

By Web TeamFirst Published Jan 29, 2019, 12:42 PM IST
Highlights

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ എസ്പി ചൈത്രക്കെതിരായ റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറി. ശുപാർശകളില്ലാതെയാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയുടേത് അന്തിമ തീരുമാനം.

തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ എസ്പി ചൈത്ര തെരേസ ജോണിനെ ന്യായീകരിക്കുന്ന അന്വേഷണ റിപ്പോർട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറി. റിപ്പോർ‍ട്ടിൽ ഇനി തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. അതിനിടെ തലസ്ഥാനത്ത് നടുറോഡിൽ ട്രാഫിക് പൊലീസിനെ ആക്രമിച്ച കേസിൽ ഒളിവിലെന്ന് പൊലീസ് പറയുന്ന എസ്എഫ്ഐ നേതാവ് മന്ത്രിമാരുടെ പരിപാടിയിൽ പങ്കെടുത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തായി.

സിപിഎം ഓഫീസിൽ പരിശോധന നടത്തിയ ചൈത്രയുടെ നടപടിയിൽ നിയമപരമായി തെറ്റില്ലെന്നാണ് എഡിജിപി മനോജ് എബ്രഹമിന്‍റെ റിപ്പോർട്ട്. ചൈത്രയെ ന്യായീകരിക്കുന്ന റിപ്പോർട്ടിൽ മറ്റൊരു ശുപാർ‍ശയൊന്നും കൂടാതെയാണ് ഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയതെന്നാണ് സൂചന. യുവ ഉദ്യോഗസ്ഥക്കെതിരെ കടുത്ത നടപടികള്‍ പാടില്ലെന്ന പൊതു ധാരണയാണ് ഐപിഎസ് തലത്തിലുള്ളത്. അതുകൊണ്ടുതന്നെയാണ് എഡിജിപിയുടെ റിപ്പോർട്ടിൽ ഒരു ശുപാർശയും നൽകാതെ സർക്കാരിന്‍റെ തീരുമാനത്തിലേക്ക് ഡിജിപി വിട്ടത്. 

അതേസമയം, ചൈത്രയെ ന്യായീകരിക്കുന്ന എഡിജിപിയുടെ റിപ്പോർ‍ട്ടിനെതിരെ സിപിഎമ്മിൽ അമർഷം പുകയുകയാണ്. കടുത്ത നിലപാട് വേണമെന്നാണ് സിപിഎമ്മിന്‍റെ ആവശ്യം. എന്നാൽ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിച്ച ശുപാ‍ർകളൊന്നുമില്ലാത്ത റിപ്പോർട്ടിന്‍റെ മേൽ അച്ചടക്ക നടപടിയെത്താൽ ഉദ്യോഗസ്ഥയ്ക്ക് കോടതിയെ സമീപിക്കാൻ കഴിയും. അതിനാൽ സർക്കാർ ഇനി എന്ത് ചെയ്യുമെന്നാണ് അറിയേണ്ടത്. മെഡിക്കൽ കോളേജ് സ്റ്റേഷൻ ആക്രമ കേസില്‍ ഒരാളൊഴികെ മറ്റ് ഡിവൈഎഫ്ഐ പ്രവ‍ർത്തകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 

അതിനിടെ ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായ പൊലീസുകാരെ പാളയത്ത് റോഡിലിട്ട് മർദ്ദിച്ച കേസിലെ മുഖ്യപ്രതിയും യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാവുമായ നസീം മന്ത്രിമാരുടെ പരിപാടിയിൽ പങ്കെടുത്തത് വിവാദമായിട്ടുണ്ട്. ജാമ്യമില്ലാ കേസിൽ പ്രതിയായ നസീം ഒന്നര മാസമായി ഒളിവിലാണെന്നാണ് കന്റോണ്‍മെന്‍റ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് ഇന്നലെ യൂണിവേഴ്സിറ്റി കോളേജിൽ മന്ത്രിമാരായ  എ കെ ബാലനും കെ ടി ജലീലും പങ്കെടുത്ത പരിപാടിയിൽ നസീമെത്തിയത്. ഈ കേസിൽ നാല് എസ്എഫ്ഐ പ്രവർത്തകരാണ് ഇതുവരെ കീഴടങ്ങിയത്.

Also Read: പൊലീസുകാരെ മര്‍ദിച്ച കേസില്‍ 'ഒളിവിലുള്ള' എസ്എഫ്ഐ നേതാവ് മന്ത്രിമാര്‍ പങ്കെടുത്ത വേദിയില്‍‍; കണ്ണടച്ച് പൊലീസ്

click me!