
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ ലഹരി മാഫിയയുടെ ഗുണ്ടാ വിളയാട്ടം. ദേശീയപാതയിൽ ഓപ്പൺ എയർ സ്റ്റേജിനു എതിർവശം റൈഹാൻ കൂൾബാർ തട്ടുകട നടത്തുന്ന കൊടുവള്ളി ആലപ്പുറായിൽ അബ്ദുൽ കരീമി(40)നെയാണ് ഒരു സംഘം കുത്തിയും അടിച്ചും പരുക്കേൽപ്പിച്ചു. ശനിയാഴ്ച അർദ്ധ രാത്രിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം പ്രകോപനം കൂടാതെ കടയുടമയോട് കയർക്കുകയും കത്തിയെടുത്തു കുത്തുകയുമായിരുന്നു.
കടയുടമയുടെ കൈയ്ക്കാണ് കുത്തേറ്റത്. ഇയാളുടെ കഴുത്തിനും കൈക്കും പുറത്തും അടിച്ച് പരുക്കേൽപ്പിച്ചിട്ടുണ്ട്. അബ്ദുൽ കരീമിനെ വെണ്ണക്കാട് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയിലെ ഫർണിച്ചറുകളും പാത്രങ്ങളും സംഘം അടിച്ചു തകർത്തു. മാസങ്ങൾക്കു മുൻപ് കൊടുവള്ളി പി എസ് കെ ലോഡ്ജ് ഉടമ ഷൗക്കത്തിനെ ക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ച സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ലഹരിക്കടിമപ്പെട്ട സംഘം രാത്രികാലങ്ങളിൽ കൊടുവള്ളി ടൗണിന്റെ വിവിധയിടങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുകയും പ്രതികരിക്കുന്നവരെ ആക്രമിക്കുകയും ചെയ്യുന്നത് പതിവായിട്ടുണ്ട്.
കത്തിയടക്കമുള്ള മാരക ആയുധങ്ങളുമായാണ് ഇവരുടെ രാത്രി കാല സഞ്ചാരം. കരീമിനെയും സ്റ്റാഫുകളെയും അകാരണമായി ആക്രമിച്ചതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കൊടുവള്ളിയിലെ മുഴുവൻ സ്ഥാപനങ്ങളും അടച്ച് ഹർത്താൽ നടത്തുവാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. 10 മണിക്ക് പൊതുയോഗവും പ്രകടനവും നടത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam