ബിയര്‍ പ്രശ്‌നമാണ് ബ്രോ, കഞ്ചാവല്ലോ സുഖപ്രദം...

By Web DeskFirst Published Nov 4, 2017, 6:49 PM IST
Highlights

ആലപ്പുഴ: '' ചെറുതായി ബിയറടിച്ചിട്ട് വണ്ടിയില്‍ കൈവച്ചാ മതി. എവിടുന്നെങ്കിലും പൊലീസെത്തി കയ്യോടെ പിടികൂടും. പക്ഷെ, സ്റ്റഫ് വച്ചിട്ട് പോയാല്‍ കൊടിവച്ച പൊലീസുകാരനു പോലും മണമടിക്കില്ല. നല്ല സൂപ്പര്‍ ലഹരി കിട്ടുകയും ചെയ്യും. '' - ആലപ്പുഴ നഗരത്തിലെ  ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ വാക്കുകളാണിത്. പുകയില വസ്തുക്കളും മദ്യവും വിട്ട് മയക്കുമരുന്നിന് പിന്നാലെയാണ് ജില്ലയിലെ കുട്ടികള്‍. ഇന്നലെ പത്ത് പൊതി കഞ്ചാവുമായി  18കാരനായ പ്ലസ്ടു വിദ്യാര്‍ത്ഥിയെ എക്‌സൈസ് പിടികൂടി. 

പാരലല്‍ കോളജില്‍ പഠിക്കുന്ന മണ്ണഞ്ചേരി മുണ്ടത്തില്‍വെളിയില്‍ നസ്ലമാണ് (18)അറസ്റ്റിലായത്. എവിടുന്നാണ് കഞ്ചാന് കിട്ടിയതെന്ന് എക്‌സൈസ് സംഘം ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു. സ്വന്തം സഹോദരനായ നജീമാണ് കഞ്ചാവ് വില്‍ക്കാനായി  നസ്ലാമിനെ ഏല്‍പ്പിച്ചത്. അന്വേഷണത്തില്‍ ആലപ്പുഴ നഗരത്തിലെയും മണ്ണഞ്ചേരി ഭാഗത്തെ പ്രധാന കഞ്ചാവ് വില്‍പ്പനക്കാരാണിവരെന്ന് തെളിഞ്ഞതായി ആലപ്പുഴ എക്സൈസ് ഇന്‍സ്പെക്ടര്‍ ഉനൈസ് അഹമ്മദ് പറഞ്ഞു. സഹോദരനെ രണ്ടാം പ്രതിയാക്കി കേസെടുത്തു. പ്രതിയെ ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

ജില്ലയിലെ സ്‌കൂളുകളില്‍ ലഹരിക്കടിമപ്പെടുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആണ്‍-പെണ്‍ ഭേദമില്ലാതെയാണിത്. തണ്ണീര്‍മുക്കം, മുഹമ്മ, മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളം തുടങ്ങിയ പഞ്ചായത്തുകളിലെ സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ച് ലഹരിമാഫിയാ സംഘങ്ങള്‍ വിലസുന്നതായാണ് റിപ്പോര്‍ട്ട്. തണ്ണീര്‍മുക്കം മുതല്‍ പുന്നമട വരെയുള്ള കായലോര മേഖലകളിലും മാരാരിക്കുളം തെക്ക്വടക്ക് പഞ്ചായത്തുകളിലെ കടലോരത്തെ റിസോര്‍ട്ട് നിര്‍മ്മാണത്തിനായി വാങ്ങിയിട്ടിരിക്കുന്ന ജനവാസമില്ലാത്ത കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ചും വില്‍പ്പന നടക്കുന്നുണ്ട്.  മുഹമ്മയില്‍ നിന്ന് അന്യ സംസ്ഥാനത്ത് പഠനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികള്‍ 50 രൂപയ് കിട്ടുന്ന കഞ്ചാവ് 500 രൂപയ്ക്ക് വിറ്റ് പണം കണ്ടെത്തിയ സംഭവുമായി ബന്ധപ്പെട്ട് പോലീസ് കൈയോടെ പിടിച്ചിരുന്നു.


വിരലിനിടയില്‍ കമ്പി കയറ്റുന്ന ലഹരി
ആലപ്പുഴ നഗരത്തിലെ  പ്രമുഖ സ്‌കൂളിലെ ക്‌ളാസില്‍ നന്നായി പഠിക്കുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി. ഇടയ്ക്കിടയ്ക്ക് ശ്രദ്ധ മറ്റെങ്ങോ പോകുന്നതുപോലെ. ചോദിച്ചാല്‍ ഒന്നുമില്ലെന്ന് തലയാട്ടും. എന്നാലും പ്രിയശിഷ്യന്റെ പെരുമാറ്റ വൈകല്യം അദ്ധ്യാപികയുടെ കണ്ണിലുടക്കി. ദിനം ചെല്ലുന്തോറും അശ്രദ്ധയേറി വന്നതോടെ അദ്ധ്യാപിക, വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളെ വിളിപ്പിച്ചു. മകന് യാതൊരു പ്രശ്‌നവുമില്ലെന്നായിരുന്നു അവരുടെ മറുപടി. അപ്പോഴാണ് അനുജത്തിക്കുട്ടി തലനീട്ടിയത്. ചേട്ടന്‍ ബാത്ത്‌റൂമില്‍ പോയാല്‍ ഇറങ്ങില്ല ടീച്ചറേ... ഒരുമണിക്കൂറോളം അവിടിരിക്കും. 

ലഹരി വിമോചന കൗണ്‍സിലര്‍ കൂടിയായ അദ്ധ്യാപിക അവളെ അടുത്തേക്ക് വിളിച്ച് ചേട്ടനെപ്പറ്റി ചോദിച്ചു. വിരല്‍നീളമുള്ള കമ്പിയുമായാണ് പയ്യല്‍ ബാത്ത്‌റൂമിലേക്ക് പോകുന്നതെന്ന് മനസിലാക്കി. തുടര്‍ന്ന് സ്‌കൂള്‍ കൗണ്‍സിലറെ വിളിച്ചുവരുത്തി മാതാപിതാക്കളുടെ സാന്നിദ്ധ്യത്തില്‍ വിദ്യാര്‍ത്ഥിയെ വിവസ്ത്രനാക്കി പരിശോധിച്ച അവര്‍ ഞെട്ടിപ്പോയി. കാല്‍പാദത്തില്‍ തള്ളവിരലിനടയില്‍ ആഴമുള്ള വ്രണം. ബാത്ത്‌റൂമിലിരുന്ന് കമ്പികൊണ്ട് വിരലിനിടയില്‍ കുത്തി മുറിവുണ്ടാക്കിയ ശേഷം മയക്കുമരുന്ന് പൊടി തിരുകും. 

മണിക്കൂറുകളോളം ലഹരി കിട്ടുന്നതിനാല്‍ വേദന അറിയില്ല. സദാസമയവും ചെരിപ്പിട്ട് നടക്കുന്നതിനാല്‍ മുറിവിന്റെ കാര്യം മാതാപിതാക്കള്‍ അറിഞ്ഞതേയില്ല... ഇത് ചെറിയൊരു ഉദാഹരണം മാത്രം. മുടി നീട്ടി വളര്‍ത്തിയവരോ, പഠനത്തില്‍ ഉഴപ്പുന്നവരോ മാത്രമല്ല മയക്കുമരുന്നിനടിമകള്‍. മറിച്ച് നന്നായി പഠിക്കുന്ന, വിധേയത്വമുള്ള കുട്ടികളും ലഹരിമാഫിയയുടെ പ്രധാന ഇരകളാണ്. 'നല്ലകുട്ടി' ലേബല്‍ ഉള്ളതിനാല്‍ ഇവരെ വീട്ടുകാരോ നാട്ടുകാരോ സംശയിക്കില്ലെന്നതാണ് നേട്ടം.

ലക്ഷ്യം സ്‌കൂള്‍ ഗോയിംഗ് വിദ്യാര്‍ത്ഥികള്‍
പ്‌ളസ് വണ്‍, പ്‌ളസ് ടു ക്‌ളാസുകളിലെ വിദ്യാര്‍ത്ഥികളാണ് ലഹരിമാഫിയയുടെ പ്രധാന ഇരകള്‍. മയക്കുമരുന്നു കച്ചവടത്തിന്റെ ദീര്‍ഘകാല കണ്ണികളായാണ് മാഫിയ ഇവരെ കാണുന്നത്. പ്‌ളസ് വണ്‍, പ്‌ളസ് ടു വിദ്യാര്‍ത്ഥികളെ പാട്ടിലാക്കി സൗജന്യമായി മയക്കുമരുന്ന് നല്‍കുന്നു. ലഹരിക്കടിമകളായാല്‍ 'കാരിയര്‍മാരായി' ഉപയോഗിക്കുന്നു. നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി പാട്ടിലാക്കി ലഹരിയുടെ ഇരകളാക്കും. 

ഇവര്‍ പ്രൊഫഷണല്‍ കോളേജുകളിലെത്തിയാല്‍ മാഫിയയ്ക്ക് സന്തോഷമായി. കാരണം കോളേജില്‍ തങ്ങളുടെ പിടി മുറുക്കാമല്ലോ. ഈ വിദ്യാര്‍ത്ഥികളെ കണ്ണികളാക്കിയാണ് കോളേജുകളില്‍ വേരോട്ടമുണ്ടാക്കുന്നത്. ഇത്തരം പ്‌ളാനുകളുമായാണ് മാഫിയ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ലഹരി വിതരണം ചെയ്യുന്നത്. ഇതിനിടയില്‍ വിദ്യാര്‍ത്ഥികള്‍ പൊലീസിന്റെ കയ്യില്‍ അകപ്പെട്ടാലും പ്രശ്‌നമില്ല. പ്രായപൂര്‍ത്തിയാകത്തതിനാല്‍ വലിയ ശിക്ഷ ലഭിക്കില്ലെന്നത് തന്നെ.

ജാഗ്രത വേണം
ലഹരിമാഫിയയുടെ കരാള ഹസ്തങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ രക്ഷപെടുത്താന്‍ പൊലീസിനും എക്‌സൈസിനും ഒപ്പം അദ്ധ്യാപകരും മാതാപിതാക്കളും രക്ഷിതാക്കളും അടങ്ങുന്ന സമൂഹവും ജാഗ്രത പുലര്‍ത്തണം. വിമുക്തി ബോധവത്കരണത്തിനൊപ്പം ലഹരിക്കെതിരെയുള്ള കൗണ്‍സിലിംഗും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണം. ലഹരി നീട്ടുന്ന കൈകളോട് ശക്തമായ നോ പറയാന്‍ കുട്ടികളെ പഠിപ്പിക്കണം. കൗമാരക്കാരുടെ പഠന, പെരുമാറ്റ കാര്യങ്ങളില്‍ അച്ഛനമ്മമാര്‍ അതീവ ശ്രദ്ധ ചെലുത്തണം. കാരണം കണ്ണൊന്നു തെറ്റിയാല്‍ ലഹരിയുടെ പക്ഷികള്‍ നിങ്ങളുടെ കുട്ടികളെ കൊത്തിയെടുക്കും.

click me!