ചൈത്രക്കെതിരെ ഡിവൈഎഫ്ഐ: പാര്‍ട്ടി ഓഫീസിലെ പരിശോധന വെറും ഷോ മാത്രം

By Web TeamFirst Published Jan 28, 2019, 12:24 PM IST
Highlights

പോക്സോ കേസ് പ്രതിയെ കാണാനല്ല ഡിവൈഎഫ്ഐ നേതാക്കൾ പൊലീസ് സ്റ്റേഷനിലേക്ക് പോയതെന്ന് സംസ്ഥാന സെക്രട്ടറി എ.എ.റഹീം

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ചൈത്ര തെരേസ ജോണിനെതിരെ ഡിവൈഎഫ്ഐ രംഗത്ത്. സിപിഎം ഓഫീസ് റെയ്ഡ് ചെയ്ത ഡിസിപിയുടെ നടപടി വെറും ഷോ ഓഫ് മാത്രമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം പറഞ്ഞു. മൂന്ന് നിലയുള്ള സിപിഎം ഓഫീസ് ആറ് മിനിട്ട് കൊണ്ടാണ് പൊലീസ് പരിശോധിച്ചത്. ആറ് മിനിറ്റ് കൊണ്ട് എന്ത് തരം പരിശോധനയാണ് പൊലീസ് ചെയ്തതെന്നും റഹീം ചോദിച്ചു. 

നിങ്ങളുടേയോ എന്‍റെയോ വീട്ടില്‍ അകാരണമായി ഒരു പൊലീസ് ഓഫീസര്‍ രാത്രിയില്‍ വന്നു കയറിയാല്‍ എന്താണ് നമ്മുക്ക് തോന്നുക. സ്വകാര്യതയുടെ മേലുള്ള നഗ്നമായ കടന്നു കയറ്റമാണത്. ഒരു വീടിനുമേൽ ഉടമസ്ഥർക്കുള്ള അതേ അവകാശം ഒരു പാര്‍ട്ടി ഓഫീസിന്‍മേല്‍ അതിന്‍റെ പ്രവര്‍ത്തകര്‍ക്കുണ്ട്. ഒരു പ്രതി ഓഫീസില്‍ ഉണ്ടെന്ന് ഓഫീസര്‍ക്ക് ഉത്തമബോധ്യമുണ്ടെങ്കില്‍ അവര്‍ക്ക് വന്ന് പരിശോധിക്കാം. എന്നാല്‍ അങ്ങനെ വന്ന് പരിശോധിക്കുമ്പോൾ അതിങ്ങനെ പ്രഹസന്നമാവാൻ പാടില്ല - തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട എഎ റഹീം പറഞ്ഞു.

​കെട്ടിട്ടത്തിന്റെ ​ഗ്രൗണ്ട് ഫ്ളോർ എങ്കിലും മര്യാദയ്ക്ക് പരിശോധിക്കണ്ടേ, അടച്ചിട്ട റൂമുകൾ തുറന്നു തരണം എന്നാവശ്യപ്പെടണ്ടേ. ജില്ലാ കമ്മിറ്റി ഓഫീസ് മൂന്ന് നില കെട്ടിട്ടമാണ്. ആറ് മിനിട്ട് കൊണ്ട് ഇത്രയും വലിയ കെട്ടിട്ടം പൊലീസുകാർ പരിശോധിച്ചു എന്നു പറഞ്ഞാൽ അത് ഷോ ഓഫ് മാത്രമാണ്. ഡിവൈഎഫ്ഐ നേതാക്കൾ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ കല്ലെറിഞ്ഞത് പോക്സോ കേസ് പ്രതിയെ കാണാൻ അനുവദിക്കാത്തതിന്റെ പേരിലാണെന്ന പൊലീസ് വാദവും റഹീം തള്ളി. പോക്സോ കേസ് പ്രതിയെ കാണാനല്ല ഡിവൈഎഫ്ഐ നേതാക്കൾ പൊലീസ് സ്റ്റേഷനിലേക്ക് പോയതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
 

click me!