എംഎല്‍എ ഹോസ്റ്റലിലെ അപമാനശ്രമം: ഡിവൈഎഫ്ഐ നേതാവിന് സസ്പെന്‍ഷന്‍

By Web TeamFirst Published Sep 5, 2018, 12:03 PM IST
Highlights

തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ വച്ച് ഡിവൈഎഫ്ഐ വനിതാ നേതാവിനെ അപമാനിക്കാന്‍ ശ്രമിച്ച ജീവൻലാലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പെൺകുട്ടിയുടെ പൊലീസ് പരാതി പരിഗണിച്ചാണ് നടപടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഷന്‍. 

തൃശൂര്‍: തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ വച്ച് ഡിവൈഎഫ്ഐ വനിതാ നേതാവിനെ അപമാനിക്കാന്‍ ശ്രമിച്ച ജീവൻലാലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പെൺകുട്ടിയുടെ പൊലീസ് പരാതി പരിഗണിച്ചാണ് നടപടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഷന്‍. ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്‍റ് സെക്രട്ടറി സ്ഥാനവും പുറത്തുശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗത്വവും ജീവന്‍ലാലിന് നഷ്ടമാകും. 

അതേസമയം സിപിഎമ്മിന് യുവതി പരാതി നല്‍കിയിട്ടില്ലെന്ന നിലപാടിലാണ് നേതൃത്വം. ഇപ്പോള്‍ നടപടിയെടുത്തത് യുവതി സാമൂഹിക മാധ്യമങ്ങളിലിട്ട കുറിപ്പിന്‍റെ അടിസ്ഥാനത്തിലാണെന്നും പാര്‍ട്ടി പ്രാദേശിക നേതൃത്വം പ്രതികരിക്കുന്നു. കാട്ടൂര്‍ സ്വദേശിനിയായ ഡിവൈഎഫ്ഐ നേതാവ് ഇരിങ്ങാലക്കുട ഡിവൈഎസ്പിക്ക് പരാതി നല്‍കിയതോടെയാണ് പാര്‍ട്ടി നടപടി. 

കാട്ടൂര്‍ പൊലീസ് യുവതിയുടെ മൊഴിയെടുത്തിട്ടുണ്ട്. സിപിഎം നേതാക്കള്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് യുവതി പൊലീസിന് നേരിട്ട് പരാതി നല്‍കിയത്. സിപിഎം സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടത്തിയതായും യുവതി പരാതിയില്‍ പറയുന്നു. 

തിരുവനന്തപുരത്ത് വച്ചാണ് സംഭവം നടന്നത് എന്നതിനാല്‍ കേസ് തിരുവനന്തപുരത്തേക്ക് തന്നെ മാറ്റുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ജൂലൈ 11നായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. പരീക്ഷയ്ക്കായി തിരുവനന്തപുരത്തെത്തിയപ്പോള്‍ ഇരിങ്ങാലക്കുട എംഎല്‍എയുടെ ഹോസ്റ്റല്‍ റൂമിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെ നിന്ന് ജീവന്‍ലാല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

click me!