സനലിന്‍റെ പൊട്ടിക്കരയുന്ന കുടുംബത്തിനോട് എന്ത് മറുപടിയുണ്ട് പൊലീസിന്?

By Web TeamFirst Published Nov 7, 2018, 6:47 PM IST
Highlights

മോഷണക്കേസ് പ്രതിയുടെ ഭാര്യയുടെ പക്കൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിൽ സസ്പെൻഷനിലായിട്ടുണ്ട് ആരോപണവിധേയനായ ഡിവൈഎസ്‍പി ബി.ഹരികുമാർ. പൊലീസ് അസോസിയേഷനും പ്രാദേശിക സിപിഎം നേതൃത്വവും ഹരികുമാറിനെ സംരക്ഷിയ്ക്കുന്നുവെന്നാണ് ആരോപണം. 'ഒരു ജീവന് വിലയില്ലേ? എട്ടുംപൊട്ടും തിരിയാത്ത രണ്ട് പൊടിപ്പിള്ളേര് ഇനിയെന്ത് ചെയ്യും?' പൊട്ടിക്കരയുന്ന സനലിന്‍റെ കുടുംബത്തിനോട് എന്ത് മറുപടിയുണ്ട് പൊലീസിന്?

കൊടങ്ങാവിളയിൽ സനൽകുമാർ എന്ന  നെയ്യാറ്റിൻകര സ്വദേശിയെ ഡിവൈഎസ്‍പി ബി.ഹരികുമാർ റോഡിലേയ്ക്ക് തള്ളിയിട്ട് കൊന്നിട്ട് രണ്ട് ദിവസം തികയുന്നു. ഇപ്പോഴും ഡിവൈഎസ്‍പി എവിടെയെന്ന് പൊലീസിന് ഒരു സൂചനയുമില്ല. തമിഴ്നാട്ടിലേയ്ക്ക് കടന്നുവെന്നാണ് സൂചന. മധുരയിലെത്തിയിട്ടുണ്ടെന്ന വിവരം കിട്ടിയതിനെത്തുടർന്ന് അന്വേഷണം വിപുലപ്പെടുത്താനൊരുങ്ങുകയാണ് പൊലീസ്. നെയ്യാറ്റിൻകരയിലെ വീട്ടിലടക്കം തെരച്ചിൽ നടത്തി. തിരുവനന്തപുരത്തും കൊല്ലത്തുമുള്ള ബന്ധുക്കളുടെ വീട്ടിലും പൊലീസ് തെരയുകയാണ്. ഡിവൈഎസ്‍പിയുടെ രണ്ട് മൊബൈൽ ഫോണുകളും ഓഫാണ്. അതിർത്തിയിലും പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ബി.ഹരികുമാർ എങ്ങനെ രക്ഷപ്പെട്ടു? പൊലീസിന് മറുപടിയില്ല. 

സംഭവം നടന്ന് 48 മണിക്കൂർ പിന്നിട്ടിട്ടും ഹരികുമാറിന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാത്തത് വിവാദമായിരുന്നു. ഉടൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്നും വിമാനത്താവളങ്ങളിലടക്കം ലുക്ക് ഔട്ട് നോട്ടീസ് നൽകുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനാണ് റൂറൽ എസ്പി ഡിജിപിയ്ക്ക് ശുപാർശ നൽകിയിരിക്കുന്നത്. ശുപാർശ ഡിജിപി അംഗീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. പ്രതി ഉന്നത ഉദ്യോഗസ്ഥനായതിനാൽ കുറഞ്ഞ റാങ്കിലുള്ള ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കുന്നത് വിവാദമാകുമെന്നും കൂടുതൽ കുരുക്കാകുമെന്നും പൊലീസ് തിരിച്ചറിയുന്നുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ തൽക്കാലം മുഖം രക്ഷിയ്ക്കാൻ ശ്രമിക്കുകയാണ് പൊലീസിപ്പോൾ.

തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ഭക്ഷണം വാങ്ങാൻ പുറത്തേക്കിറങ്ങിയതായിരുന്നു ഇലക്ട്രീഷ്യനും പ്ലംബറുമായിരുന്ന സനൽകുമാർ. റോഡരികിൽ ഒരു കാറിന് മുമ്പിൽ വാഹനം പാർക്ക് ചെയ്ത് തൊട്ടടുത്തുള്ള തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ കയറി. 'ആരാടാ ഈ വണ്ടി ഇവിടെക്കൊണ്ടിട്ടത്' എന്ന ചോദ്യവും ബഹളവും കേട്ടാണ് സനൽ ഓടിയെത്തിയത്.

നോക്കുമ്പോൾ ഡിവൈഎസ്പി ഹരികുമാർ വാഹനത്തിന് മുന്നിൽ നിന്ന് ബഹളം വയ്ക്കുകയാണ്. 'വണ്ടി മാറ്റിയിട്ടാൽ പോകാമല്ലോ സാറേ' എന്ന് സനൽ പറഞ്ഞത് ഡിവൈഎസ്പിയ്ക്ക് ഇഷ്ടപ്പെട്ടില്ല. 'അവന്‍റെ കൈ പിടിച്ച് അയാൾ തിരിച്ചു. അവന് വേദനിച്ചപ്പോൾ അയാളുടെ കൈ കയറിപ്പിടിച്ചു. നീയെന്‍റെ കൈയിൽ കയറി പിടിയ്ക്കുന്നോടാ-എന്ന് പറഞ്ഞ് അയാൾ അവനെ റോഡിലേക്ക് തള്ളിയിടുകയായിരുന്നു'. സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികൾ പറയുന്നു.

റോഡിലേയ്ക്ക് തെറിച്ചുവീണ സനലിന് മേൽ അതുവഴി വന്ന വാഹനം കയറിയിറങ്ങി. സനലിനെ കാറിടിച്ചെന്ന് മനസ്സിലായ ഉടൻ ഹരികുമാർ അവണാകുഴി ഭാഗത്തേയ്ക്ക് ഓടി. ഇതിനിടെ ഡിവൈഎസ്പിയെ കാണാനെത്തിയ സ്വകാര്യപണമിടപാട് ഉടമയുടെ കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.

മുഖ്യമന്ത്രി കേൾക്കുമോ? ഹരികുമാറിനെ പിരിച്ചുവിടണമെന്ന് സനലിന്‍റെ ഭാര്യ
രണ്ട് കൊച്ചുകുട്ടികളാണ് സനലിന്. അലനും ആൽബിനും. അച്ഛനെന്ത് സംഭവിച്ചുവെന്ന് അവർക്ക് ഇനിയും മനസ്സിലായിട്ടില്ല. 'അവനെന്തെങ്കിലും തെറ്റ് ചെയ്തെങ്കിൽ അറസ്റ്റ് ചെയ്യണം. അല്ലെങ്കിൽ രണ്ടടി കൊടുക്കണം. അതിന് പകരം ഇങ്ങനെയൊക്കെ ചെയ്താല്... ഒരു ജീവന് വിലയില്ലേ? എട്ടും പൊട്ടും തിരിയാത്ത രണ്ട് പൊടിപ്പിള്ളാര്..'' സനലിന്‍റെ സഹോദരി പൊട്ടിക്കരയുന്നു.

'പൊലീസു തന്നെയായതുകൊണ്ട് സംരക്ഷിക്കുകയാണ്. ഭർത്താവിനെ ക്രൂരമായി കൊന്നയാളെ സസ്പെൻഡ് ചെയ്താപ്പോര.. പിരിച്ചുവിടണം. കേരളത്തിന്‍റെ മുഖ്യമന്ത്രി കേൾക്കുമെന്ന് തന്നെയാണ് എന്‍റെ പ്രതീക്ഷ.' കണ്ണീരോടെ സനലിന്‍റെ ഭാര്യ പറയുന്നു. 

കള്ളനിൽ നിന്ന് കൈക്കൂലി വാങ്ങിയ പൊലീസ്!
ഗുരുതരമായ ആരോപണങ്ങളും കേസുകളും പരാതികളും നിറഞ്ഞതാണ് ഡിവൈഎസ്പി ഹരികുമാറിന്‍റെ സർവീസ് ബുക്ക്. മുമ്പ് മോഷണക്കേസിൽ അകത്തായ പ്രതിയുടെ ഭാര്യയിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് സസ്പെൻഷനിലായിട്ടുണ്ട് ബി.ഹരികുമാർ. അന്ന് ഹരികുമാർ ഫോർട്ട് സിഐ ആയിരുന്നു. സംസ്ഥാനാന്തരവാഹന മോഷ്ടാവായ ഉണ്ണിയെ തമ്പാനൂർ പൊലീസാണ് പിടികൂടിയത്. ഇയാളുടെ ഭാര്യ സഹായം തേടി ഹരികുമാറിനെ സമീപിച്ചു. കൈക്കൂലി തന്നാൽ പ്രതിയെ വിട്ടേയ്ക്കാമെന്ന് ഹരികുമാർ. ഒടുവിൽ മാല പണയം വച്ച് ഇവർ പണം നൽകി. ഹരികുമാർ ഉണ്ണിയെ വിട്ടയക്കുകയും ചെയ്തു. 

എന്നാൽ ഇത് വാർത്തയായി, വിവാദമായി. അന്നത്തെ എഡിജിപി എ.ഹേമചന്ദ്രൻ അന്വേഷണത്തിന് ഉത്തരവിട്ടു. പണയം വച്ച മാല കടയിൽ നിന്ന് തൊണ്ടിമുതലായി കണ്ടെത്തിയതോടെ, ഹരികുമാറിനെ സസ്പെൻഡ് ചെയ്തു. 

എന്നാൽ തിരുവനന്തപുരത്തെ പ്രാദേശിക സിപിഎം നേതൃത്വവുമായി ഹരികുമാറിന് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. സനലിനെ തള്ളിയിട്ട് കൊന്ന ശേഷം ഒളിവിൽ പോയ ഹരികുമാർ പ്രാദേശിക സിപിഎം നേതാക്കളുടെ സഹായം തേടിയെന്ന് ബിജെപി ആരോപിയ്ക്കുന്നു. പൊലീസ് അസോസിയേഷനും ഹരികുമാറിനെ സംരക്ഷിയ്ക്കുകയാണെന്ന് ആരോപണമുണ്ട്. അഴിമതിയും സ്വഭാവദൂഷ്യവും അടക്കം വ്യാപകമായ പരാതികളാണ് ഹരികുമാറിനെതിരെ ഉയർന്നിരുന്നത്. പല തവണ ഹരികുമാറിനെതിരെ നാട്ടുകാർ തന്നെ പരാതി നൽകി. തുടർന്ന് ഐജി മനോജ് അബ്രഹാം തന്നെ ഹരികുമാറിനെതിരെ വകുപ്പുതല നടപടിയ്ക്ക് ശുപാർശ ചെയ്ത് റിപ്പോർട്ട് നൽകി. ഹരികുമാറുൾപ്പടെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയായിരുന്നു ശുപാർശ. എന്നാലിത് അസോസിയേഷനിലെ ചില ഉന്നതർ ഇടപെട്ട് മുക്കിയെന്നാണ് ആരോപണം. 

സനലിനെ തള്ളിയിട്ട് കൊന്ന ദിവസം ഡിവൈഎസ്പി എന്തിനാണവിടെ വന്നത്? ഔദ്യോഗികമായി യാതൊരു ചുമതലയും ഹരികുമാറിന് അവിടെ നൽകിയിരുന്നില്ല. മദ്യപിയ്ക്കാനാണ് ഹരികുമാർ അവിടെ എത്തിയതെന്ന് നാട്ടുകാർ പറയുന്നുണ്ട്. മദ്യലഹരിയിലാണ് ഹരികുമാർ സനലിനെ റോഡിലേയ്ക്ക് തള്ളിയിട്ടതെങ്കിൽ സംഭവം വീണ്ടും ഗൗരവതരമാവുകയാണ്. യൂണിഫോമിലല്ലെങ്കിലും ഡിവൈഎസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ സ്വന്തം അധികാരപരിധിയിൽ ഡ്യൂട്ടിയിൽത്തന്നെയാണെന്നാണ് കണക്കാക്കാറ്. സ്ഥലത്തെ ഡിവൈഎസ്പി തന്നെ മദ്യപിച്ച് ഒരു പൗരനെ വാഹനത്തിന് മുന്നിലേയ്ക്ക് തള്ളിയിട്ട് കൊന്നുവെന്നതാകും കേസ്. അടിയന്തരമായി ഡിവൈഎസ്പിയെ കണ്ടെത്തി അറസ്റ്റ് ചെയ്തില്ലെങ്കിൽ ചീത്തപ്പേര് പുത്തരിയല്ലാത്ത ആഭ്യന്തരവകുപ്പിന് വീണ്ടും നാണക്കേടാകും സനലിന്‍റെ കൊലപാതകം.

click me!