
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എന്ത് ഗൂഢാലോചന നടത്തിയാലും സര്‍ക്കാരിനെ തകര്‍ക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി ഇ.പി. ജയരാജന്‍. സര്‍ക്കാരിന് ജനപിന്തുണ കൂടിയെന്നും ഇ. പി ജയരാജന്‍ പറഞ്ഞു. കോഴിക്കോട്ട് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ജയരാജന്‍റെ പ്രതികരണം.
ശബരിമല തീർഥാടനത്തിന് പോയ പത്തനംതിട്ട സ്വദേശി ശിവദാസന്‍റെ മരണത്തെച്ചൊല്ലി ബിജെപി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. നിലയ്ക്കലും പമ്പയിലുമുണ്ടായ പൊലീസ് നടപടിയ്ക്കിടെയാണ് ശിവദാസൻ മരിച്ചതെന്നാണ് ബിജെപി ആരോപിയ്ക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലയിൽ ഇന്ന് ബിജെപി ഹർത്താലാചരിക്കുകയാണ്.
എന്നാൽ 16, 17 തീയതികളിലാണ് ശബരിമലയിൽ പൊലീസ് നടപടിയുണ്ടായത്. ശിവദാസൻ ശബരിമലയിൽ തൊഴാൻ പോയത് 18ാം തീയതിയും. 18 ന് വൈകിട്ട് ശബരിമല ദർശനത്തിന് പോയ അച്ഛൻ 19ാം തീയതി അമ്മയെ മറ്റാരുടെയോ ഫോണിൽ നിന്ന് വിളിച്ചിരുന്നെന്ന് മകൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തമിഴ്നാട്ടുകാരനായ ആരുടെയോ മൊബൈലിൽ നിന്നാണ് വിളിച്ചത്. സന്നിധാനത്ത് തൊഴുത് മടങ്ങിയെന്നാണ് അച്ഛൻ പറഞ്ഞതെന്നും മകൻ പന്തളം പൊലീസിന് നൽകിയ മൊഴിയിലുണ്ട്.
ശിവദാസന്‍റെ മൃതദേഹം കണ്ടെത്തിയത് ളാഹ വനത്തിനുള്ളിലാണ്. മൃതദേഹത്തിന് സമീപം അദ്ദേഹത്തിന്‍റെ മോപ്പഡ് (മോട്ടോർസൈക്കിൾ) ഉണ്ടായിരുന്നെന്നും വ്യക്തമായിരുന്നു. പൊലീസ് നടപടിയ്ക്കിടെ ഓടിയതാണെങ്കിൽ നിലയ്ക്കൽ നിന്ന് ഏതാണ്ട് പതിനാറ് കിലോമീറ്റർ അകലെയുള്ള ളാഹയിലേയ്ക്ക് എങ്ങനെ ശിവദാസൻ എത്തിയെന്ന ചോദ്യത്തിനും ബിജെപിയ്ക്ക് മറുപടിയില്ല.
പന്തളം പൊലീസിന് ശിവദാസന്‍റെ മകൻ നൽകിയ മൊഴിപ്പകർപ്പും വിശദാംശങ്ങളും ഇവിടെ കാണാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam