പത്തനംതിട്ടയില്‍ നേരിയ ഭൂചലനം

By Web TeamFirst Published Sep 12, 2018, 11:48 AM IST
Highlights

 ബുധനാഴ്ച്ച രാവിലെ 10.30 ഓടെയാണ് ഭൂചലനമുണ്ടായത്. 

പത്തനംതിട്ട: മഹാപ്രളയത്തിൽ തകർന്ന പത്തനംതിട്ട ജില്ലയില്‍ ഭൂചലനം. ബുധനാഴ്ച്ച രാവിലെ 10.30 ഓടെയാണ് ഭൂചലനമുണ്ടായത്. പത്തംതിട്ടയിലെ അടൂരിലും പന്തളത്തും ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു. അടൂരിനടുത്ത് പള്ളിക്കൽ പഞ്ചായത്ത്, പഴകുളം, പുള്ളിപ്പാറ, കോല മല മേഖലകളിലും ചലനം അനുഭവപ്പെട്ടു.

ഭൂമിക്കടിയില്‍ നിന്നും ശക്തമായ മുഴക്കം കേട്ടതായി പ്രദേശവാസികള്‍ പറയുന്നു. പല ഭാഗത്തും വീടുകളുടെ ഭിത്തികള്‍ വീണ്ടു കീറിയിട്ടുണ്ട്. അതേസമയം റിക്ടര്‍ സ്കെയിലില്‍ മൂന്നില്‍ താഴെയാണ് ആഘാതമെങ്കില്‍ രേഖപ്പെടുത്തില്ലെന്നും അത്തരം ചെറുചലനമായിരിക്കാം പത്തനംതിട്ടയിലുണ്ടായതെന്നുമാണ് വിദഗ്ദ്ധരുടെ നിഗമനം. 

ബുധനാഴ്ച്ച രാവിലെ 10.20 ഓടെ അസമിലെ സപ്തഗ്രാമില്‍ ഭൂചനലമുണ്ടായതായി യു.എസ്.ജിയോളജിക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ 5.3 ആഘാതം രേഖപ്പെടുത്തിയ ഭൂചലനമാണ് ഇവിടെയുണ്ടായത്. ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലും ഭൂചലനതരംഗങ്ങളെത്തിയെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ വെബ്സൈറ്റില്‍ പറയുന്നു. കേരളത്തിന് സമാനമായ രീതിയില്‍  അസമിലും കഴിഞ്ഞ മാസം പ്രളയമുണ്ടായിരുന്നു. 

click me!