ഖത്തറില്‍ സാമ്പത്തിക പ്രതിസന്ധി മൂന്ന് വര്‍ഷം കൂടി നീളുമെന്ന് റിപ്പോര്‍ട്ട്

By Web DeskFirst Published Jun 21, 2016, 11:23 PM IST
Highlights

എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും  വില താഴ്ന്നു നിൽക്കുന്നതു വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്  അടുത്ത മൂന്നു വർഷത്തേക്ക് കൂടി കമ്മി ബജറ്റാവാന്‍ പ്രധാന കാരണമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഈ വർഷം ആഭ്യന്തര  ഉത്പാദന വളർച്ചയിൽ എട്ടു  ശതമാനത്തിന്റെ കുറവാണ് പ്രതീക്ഷിക്കുന്നത്. 15 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ ഇടിവായിരിക്കും ഇതെന്നും കണക്കുകൾ  സൂചിപ്പിക്കുന്നു  കഴിഞ്ഞ വർഷത്തെ റിപ്പോർട് അനുസരിച്ചു അഞ്ചു ശതമാനയിരുന്നു കുറവ്.

ലോകത്തെ  ഏറ്റവും വലിയ പ്രകൃതി വാതക കയറ്റുമതി രാജ്യമായ ഖത്തർ എണ്ണ വിലയിടിവിനെ  തുടർന്നുണ്ടായ സാന്പത്തിക പ്രതിസന്ധി മറികടക്കാൻ  ശക്തമായ നടപടികളെക്കുറിച്ച് ആലോചിക്കുന്നതായി വികസന ആസൂത്രണ, സ്റ്റാറ്റിസ്റ്റിക്  മന്ത്രാലയങ്ങൾ അറിയിച്ചു. ഇതിന്റെ ഭാഗമായി 2018 മുതൽ  മൂല്യവർധിത നികുതി ഏർപ്പെടുത്താനാണ് സർക്കാർ നീക്കം. ജിസിസി രാജ്യങ്ങളിൽ വാറ്റ് ഏർപ്പെടുത്തുന്ന കാര്യത്തിൽ അംഗരാജ്യങ്ങളിൽ ഭൂരിഭാഗവും നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും ഖത്തർ ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനം അറിയിച്ചിരുന്നില്ല.  

ഇതിനു പുറമെ   ജനങ്ങളുടെ ആരോഗ്യത്തിനു ഹാനികരമാവുന്ന  പുകയില, ഫാസ്റ്റ്ഫുഡ്, കൃത്രിമ പാനീയങ്ങൾ എന്നിവയ്ക്ക്  അപരാധ നികുതി  കൂടി ചുമത്തിയേക്കും. വെള്ളത്തിനും വൈദ്യുതിക്കും ഇനിയും നിരക്ക് കൂട്ടിയേക്കുമെന്നും സൂചനയുണ്ട്. ഉപയോഗം കൂടുന്നതിനനുസരിച്ചു നിരക്ക് വർധിപ്പിക്കുന്ന  സന്പ്രദായം നേരത്തെ തന്നെ പ്രാബല്യത്തിൽ വന്നിരുന്നു. വീണ്ടും നിരക്ക് വർധിപ്പിക്കുന്നതോടെ സാധാരണക്കാരുടെ ജീവിത ചിലവുകളെ ഇത്  പ്രതികൂലമായി ബാധിക്കും.

click me!