സ്മാരകങ്ങള്‍ നിര്‍മിച്ചതിലെ അഴിമതി; ഉത്തര്‍പ്രദേശില്‍ ഏഴിടങ്ങളില്‍ റെയ്ഡ്

By Web TeamFirst Published Jan 31, 2019, 6:05 PM IST
Highlights

2007 മുതല്‍ 2011 വരെയുള്ള സമയത്ത് നിര്‍മിച്ച പ്രതിമകളുമായി സംബന്ധിച്ച കേസിലാണ് റെയ്ഡ് നടത്തിയത്. ആകെ 19 പേരെയാണ് ഇപ്പോള്‍ കേസില്‍ പ്രതികളാക്കിയിരിക്കുന്നത്

ലക്നൗ: ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ ഏഴിടങ്ങളില്‍ റെയ്ഡ് നടത്തി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷ മായാവതി മുഖ്യമന്ത്രിയായിരുന്ന 2007 മുതല്‍ 2011 വരെയുള്ള സമയത്ത് നിര്‍മിച്ച പ്രതിമകളുമായി സംബന്ധിച്ച കേസിലാണ് റെയ്ഡ് നടത്തിയത്.

ആകെ 19 പേരെയാണ് ഇപ്പോള്‍ കേസില്‍ പ്രതികളാക്കിയിരിക്കുന്നത്. മായാവതി സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന നസീമുദ്ദീന്‍ സിദ്ദിഖിയും ബാബു സിംഗ് കുശ്വാഹയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്നു. 14 സ്മാരകങ്ങള്‍ നിര്‍മിച്ചതില്‍ 199 പേര്‍ ഫണ്ട് തിരിമറി നടത്തിയതായി നേരത്തെ ലോകായുക്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

1,400 കോടി ചെലവായ പദ്ധതിയില്‍ സര്‍ക്കാരിന് 111 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് ആരോപണം. മായാവതിക്ക് ശേഷം അഖിലേഷ് യാദവ് മുഖ്യമന്ത്രിയായപ്പോഴാണ് ലോകായുക്ത റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍ മന്ത്രിമാരടക്കമുള്ളവര്‍ക്കെതിരെ 2014ല്‍ ആണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 

click me!