ഇൗ അധ്യയനവര്‍ഷത്തിലെ ഓണപരീക്ഷ റദ്ദാക്കാന്‍ സാധ്യത

By Web TeamFirst Published Aug 21, 2018, 10:44 AM IST
Highlights

നിപ്പ വൈറസ് ബാധ കാരണം കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഈ അധ്യയന വര്‍ഷം തുടങ്ങിയത് തന്നെ വൈകിയാണ്. മഴ കടുത്തപ്പോള്‍ കുട്ടനാട് താലൂക്കില്‍ ആഴ്ച്ചയില്‍ ഒരു ദിവസം മാത്രം അധ്യയനം നടന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. 

തിരുവനന്തപുരം:മഹാപ്രളയത്തിന്‍റെ ആഘാതത്തില്‍ നിന്നും സംസ്ഥാനം കരകയറാത്ത സാഹചര്യത്തില്‍ ഈ അധ്യയന വര്‍ഷത്തിലെ ഓണപരീക്ഷകള്‍ മാറ്റിവയ്ക്കുന്ന കാര്യം സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നതായി സൂചന. ഓണപരീക്ഷ ഒഴിവാക്കി ഡിസംബറില്‍ അര്‍ധവാര്‍ഷിക പരീക്ഷ  മാത്രം നടത്താനാണ് പൊതുവിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നത്. 

ജൂലൈ അവസാനവാരം മുതല്‍ ശക്തമായ മഴയാണ് സംസ്ഥാനത്ത് ഉടനീളം പെയ്തത്. ഇതേ തുടര്‍ന്ന് ജില്ലാ--താലൂക്ക് തലത്തില്‍ സ്കൂളുകള്‍ക്ക് തുടര്‍ച്ചയായി അവധി നല്‍കേണ്ട സാഹചര്യമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പ്രളയത്തെ തുടര്‍ന്ന് കേരളം ഒന്നാകെ സ്തംഭിച്ചത്. ഇതോടെ സ്കൂളുകള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ച സര്‍ക്കാര്‍ പരീക്ഷകള്‍ ഓണത്തിന് ശേഷം നടത്താനും തീരുമാനിച്ചു.

ലക്ഷക്കണക്കിന് വീടുകള്‍ വെള്ളത്തിലാവുകയും പത്ത് ലക്ഷത്തിലേറെ പേര്‍ക്ക് വീട് വിട്ടു പോകേണ്ടി വരികയും ചെയ്ത പ്രളയത്തില്‍ നിന്നും കേരളസമൂഹം ഇപ്പോഴും മുക്തി നേടിയിട്ടില്ല. വീടുകള്‍ പൂര്‍ണമായും തകര്‍ന്നവര്‍ക്ക് തത്കാലം ക്യാംപുകളില്‍ നിന്ന് തിരിച്ചു പോകാനും ഇടമില്ല. ഇത്തരം കുടുംബങ്ങളിലെ കുട്ടികള്‍ സ്കൂള്‍ തുറന്നാല്‍ എന്ത് ചെയ്യും എന്ന കാര്യത്തില്‍ അനിശ്ചിതാവസ്ഥ തുടരുകയാണ്. 

 പ്രളയക്കെടുതി നേരിട്ടനുഭവിച്ച ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നടത്തുന്ന കാര്യവും സര്‍ക്കാരിന്‍റെ പരിഗണനയിലാണ്. നിപ്പ വൈറസ് ബാധ കാരണം കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഈ അധ്യയന വര്‍ഷം തുടങ്ങിയത് തന്നെ വൈകിയാണ്. മഴ കടുത്തപ്പോള്‍ കുട്ടനാട് താലൂക്കില്‍ ആഴ്ച്ചയില്‍ ഒരു ദിവസം മാത്രം അധ്യയനം നടന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇതൊക്കെ പരിഗണിച്ചാണ് ഈ വര്‍ഷം ഓണപരീക്ഷ വേണ്ടെന്ന് വയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. 
 

click me!