
ദില്ലി: ഹിമാചൽ പ്രദേശിനൊപ്പം ഗുജറാത്ത് നിയസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കാതിരുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളെന്നു സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദർശനം മുന്നിൽക്കണ്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ തീയതി പ്രഖ്യാപിക്കുന്നതിൽനിന്നു പിൻമാറിയതെന്നു ദി വയർ റിപ്പോർട്ട് ചെയ്യുന്നു.
നവംബർ ഒന്പതിനാണു ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ്. ഒറ്റഘട്ടമായി നടത്തുന്ന തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഈ സംസ്ഥാനത്തു പെരുമാറ്റചട്ടം നിലവിൽവന്നു. എന്നാൽ ഇതോടൊപ്പം പ്രഖ്യാപിക്കേണ്ടിയിരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ല. ഡിസംബർ 18നു മുന്പ് തെരഞ്ഞെടുപ്പ് നടത്തുമെന്നു മാത്രമാണ് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ എ.കെ.ജ്യോതി പറഞ്ഞത്.
എന്നാൽ, ഈ മാസം 16ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ സന്ദർശനം നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ ഗുജറാത്തിൽ പെരുമാറ്റച്ചട്ടം നിലവിൽ വരും. ഇത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടു വാഗ്ദാനങ്ങൾ നൽകുന്നതിനു ബിജെപിക്കും മോദിക്കും വിലക്കാവും. ഇത് ഒഴിവാക്കാനാണു തീയതി പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉരുണ്ടുകളിച്ചതെന്ന് പേരു വെളിപ്പെടുത്താത്ത മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ആരോപിച്ചു.
ഗുജറാത്തിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതെ കമ്മിഷൻ ഉരുണ്ടുകളിച്ചതോടെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിമാനം തകർന്നതായി മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ കുറ്റപ്പെടുത്തി. ആറു മാസത്തിനുള്ളിൽ ഒന്നിച്ചുവരുന്ന തെരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തുകയെന്നത് പരന്പരാഗതമായി നടന്നുവരുന്നതാണെന്നും ഇത് നിലവിലെ കമ്മിഷൻ തകർത്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam