
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികളും അമ്മമാരും ക്ലിഫ് ഹൗസിലേക്ക് നടത്തിയ സങ്കടയാത്ര പൊലീസ് തടഞ്ഞു. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് സങ്കടയാത്ര നടത്തുന്നത്. സമരസമിതി പ്രവർത്തകരുമായി മുഖ്യമന്ത്രിയുടെ ഓഫീസ് അനൗദ്യോഗിക ചർച്ച നടത്തുകയാണ്. മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ച് കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സമരസമിതി.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനാണ് ചർച്ച നടത്തുന്നത്. ചർച്ചയിൽ പങ്കെടുക്കുന്നത് ആറ് പേരാണ്. അംബികാസുതൻ മാങ്ങാട്, സമരസമിതി നേതാവ് സന്തോഷ് ദുരിതബാധിതരായ കുട്ടികളുടെ അമ്മമാർ എന്നിവർ ചർച്ചയിൽ പങ്കെടുക്കുന്നു. സമരസമിതി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സന്തോഷ് എന്നിവരും ചർച്ചയിലുണ്ട്.
അര്‍ഹരായ മുഴുവന്‍ പേരെയും ദുരിതബാധിതരുടെ പട്ടികയില്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് സങ്കടയാത്ര നടത്തുന്നത്. സാമൂഹ്യ പ്രവർത്തക ദയാബായി സമരപ്പന്തലിൽ പട്ടിണി സമരം തുടരുകയാണ്.
കഴിഞ്ഞ ബുധനാഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്. ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ എണ്ണം 364 ആയി. ദുരിതബാധിതരെ മുഴുവന്‍ പട്ടികയില്‍പ്പെടുത്തുന്നത് വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam