കള്ളപ്പണം വെളുപ്പിച്ചതിന് കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെതിരെ കേസ്

By Web TeamFirst Published Sep 18, 2018, 1:45 PM IST
Highlights

ശിവകുമാറും പങ്കാളിയായ എസ്.കെ. ശര്‍മയും ഹവാല ഇടപാടുകളിലൂടെ വലിയ തോതില്‍ കള്ളപ്പണം വെളുപ്പിച്ചതായാണ് ആരോപണം. ഇതിന് പ്രതിപ്പട്ടികയിലുള്ള മൂന്ന് പേരുടെ സഹായവും ലഭിച്ചിരുന്നു

ബംഗളൂരു: കള്ളപ്പണം വെളുപ്പിച്ചതിന് കര്‍ണാടക ജലസേചന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാറിനെതിരെ എന്‍ഫോഴ്സ്മെന്‍റ്  കേസ് രജസ്റ്റര്‍ ചെയ്തു. ശിവകുമാറിനെ കൂടാതെ ദില്ലി കര്‍ണാടക ഭവനിലെ ജീവനക്കാരനായ  ഹനുമന്തയ്യ, സച്ചിന്‍ നാരായണന്‍,  എന്‍. രാജേന്ദ്ര എന്നിവര്‍ക്കെതിരെയും ഹവാല ഇടപാടുകള്‍, നികുതി  വെട്ടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

ബംഗളൂരു പ്രത്യേക കോടതിയില്‍ ആദായ നികുതി വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ശിവകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ മൊഴിയെടുക്കാന്‍ മന്ത്രിയെ ഉടന്‍ വിളിപ്പിക്കുമെന്നാണ് സൂചന. ഈ വര്‍ഷം ആദ്യമാണ് ആദായ നികുതി വകുപ്പ് കുറ്റപത്രം സമര്‍പ്പിരുന്നത്.

ശിവകുമാറും പങ്കാളിയായ എസ്.കെ. ശര്‍മയും ഹവാല ഇടപാടുകളിലൂടെ വലിയ തോതില്‍ കള്ളപ്പണം വെളുപ്പിച്ചതായാണ് ആരോപണം. ഇതിന് പ്രതിപ്പട്ടികയിലുള്ള മൂന്ന് പേരുടെ സഹായവും ലഭിച്ചിരുന്നു. സിബിഐ, എന്‍ഫോഴ്സ്മെന്‍റ് എന്നിവയെ ഉപയോഗിച്ച് കര്‍ണാടകയിലെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം ബിജെപി നടത്തുന്നതായി കഴിഞ്ഞ ദിവസം ശിവകുമാറിന്‍റെ സഹോദരന്‍ ആരോപിച്ചിരുന്നു.

ഇതിനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ കത്ത് എഴുതിയെന്നായിരുന്നു പ്രധാന ആക്ഷേപം ഉയര്‍ത്തിയത്. ഈ ആരോപണം യെദ്യൂരപ്പ നിഷേധിച്ചിരുന്നു. കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപീകരണത്തില്‍ കോണ്‍ഗ്രസ് ജെഡിഎസുമായി ചേര്‍ന്ന് നടത്തിയ നീക്കങ്ങളുടെ അണിയറയില്‍ പ്രവര്‍ത്തിച്ച നേതാവായിരുന്നു ഡി.കെ. ശിവകുമാര്‍.

ഇതോടെ ശിവകുമാറിനെ കുടുക്കാന്‍ ബിജെപി പദ്ധതിയിടുന്നതായി കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. ഓഗസ്റ്റില്‍ ശിവകുമാറുമായി ബന്ധമുള്ളവരുടെ വീടുളില്‍ റെയ്ഡ് നടത്തിയതും ഈ ആക്ഷേപങ്ങളുടെ ശക്തി വര്‍ധിപ്പിച്ചിരുന്നു. 

click me!