എഞ്ചിനീയറിംഗ് കോളജുകളിലെ സായാഹ്ന ക്ലാസുകള്‍ നിര്‍ത്തിയതിനെതിരെ നോട്ടീസ്

By Web DeskFirst Published Jul 18, 2018, 6:00 PM IST
Highlights
  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു

തൃശൂര്‍: സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളജുകളിലെ സായാഹ്ന ക്ലാസുകള്‍ നിര്‍ത്തിയതിനെ ചോദ്യം ചെയ്ത് മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത്. കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഉദ്യോഗസ്ഥര്‍ക്കായി വൈകുന്നേരങ്ങളില്‍ നടത്തിവന്നിരുന്ന എഞ്ചിനീയറിംഗ് കോഴ്‌സുകളാണ് മൂന്നു വര്‍ഷമായി നിര്‍ത്തിവച്ചിരിക്കുന്നത്. ഇത് എന്തിനുവേണ്ടിയെന്ന് വിശദീകരിക്കാനാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. 

വിഷയം പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹന്‍ദാസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.  കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ എഞ്ചിനീയറിംഗ് കോളജ് പ്രിന്‍സിപ്പലുമാര്‍ പ്രതേ്യക വിശദീകരണം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടും നോട്ടീസുണ്ട്. ഇതുസംബന്ധിച്ച കേസ് അടുത്ത മാസം തൃശൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. ഫെലിക്‌സ് ലിജോ, ഇ കെ രഘു, എം വി സുമേഷ്, അനൂപ്, റിജിന്‍ എന്നിവര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 

പരാതി ശരിയാണെങ്കില്‍ നടപടി ഉന്നതപഠനം ആഗ്രഹിക്കുന്നവരുടെ ഭരണഘടനാ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാണെന്ന് കമ്മീഷന്‍ ചൂണ്ടികാണിച്ചു. സായാഹ്ന കോഴ്‌സുകള്‍ നടത്താന്‍ പ്രിന്‍സിപ്പലുമാരും ഫാക്കല്‍റ്റിയും താത്പര്യം കാണിക്കുന്നില്ലെന്നാണ് ആരോപണം. അതേസമയം തിരുവനന്തപുരം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ സായാഹ്ന കോഴ്‌സുകള്‍ മുടക്കമില്ലാതെ നടക്കുന്നുണ്ട്.  പരാതി പരിഹരിക്കാനാവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. എഞ്ചിനീയറിംഗ് വിഷയങ്ങളില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയവരാണ് സായാഹ്ന കോഴ്‌സുകളില്‍ ചേര്‍ന്ന് ഡിഗ്രിക്ക് പഠിക്കുന്നത്.
 

click me!