ഭേദഗതിയുമായി കേന്ദ്രം; പശ്ചിമഘട്ടത്തില്‍ ഇനി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ല

By Web TeamFirst Published Dec 7, 2018, 2:50 PM IST
Highlights

പശ്ചിമഘട്ടത്തിൽ നിർമാണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ഉത്തരവിൽ ഭേദഗതി വരുത്തിയെന്ന് പരിസ്ഥിതി മന്ത്രാലയം. പശ്ചിമഘട്ടത്തിലെ നിർമാണത്തിനുള്ള തടസ്സങ്ങൾ നീക്കുന്നതാണ് ഭേദഗതി.

ദില്ലി: പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരി രംങ്കൻ സമിതി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 13108 ചതുരശ്രി കിലോമീറ്റര്‍ പ്രദേശമാണ് പരിസ്ഥിതി ലോല മേഖലയുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇവിടങ്ങളിൽ നിര്‍മ്മാണങ്ങൾക്കടക്കം കര്‍ശന നിയന്ത്രണം ഏര്‍പ്പെുടത്തി 2013 നവംബര്‍ 13ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പ്രത്യേക ഉത്തരവിറക്കുകയും ചെയ്തു. 

ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉണ്ടായത്. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉമ്മൻ വി ഉമ്മൻ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ 13108 ചതുരശ്രി കിലോമീറ്ററിൽ നിന്ന് ജനവാസ മേഖല ഉൾപ്പെടുന്ന 3115 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ പുതിയ കരട് വിജ്ഞാപനം ഇറക്കി. 

എന്നാൽ അന്തിമ വിജ്ഞാപനം ഇറങ്ങാത്തതിനാൽ മുഴുവൻ പ്രദേശത്തും നിയന്ത്രണങ്ങൾ തുടരുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അപേക്ഷ അംഗീകരിച്ചാണ് 2013 നവംബര്‍ 13 ലെ ഉത്തരവിൽ ഭേദഗതി വരുത്താൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ ഉമ്മൻ വി ഉമ്മൻ സമിതി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ ഒഴിവാക്കിയ 3115 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് ഇനി നിര്‍മ്മാണങ്ങൾക്ക് പരിസ്ഥിതി അനുമതി നേടാം. 

ഇടുക്കി മെഡിക്കൽ കോളേജിന്‍റെ അടക്കം നിര്‍മ്മണങ്ങൾക്കുള്ള തടസ്സവും ഇതോടെ നീങ്ങും. എന്നാല്‍ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ നിന്ന് കൂടുതൽ മേഖല ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം അംഗീകരികരിച്ചിട്ടില്ല. 2014 ലെ കരട് വിജ്ഞാപനത്തിലെ പോലെ 9993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ലോല മേഖലയായി തുടരുമെന്നും ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തി പരിസ്ഥിതി മന്ത്രാലയം ഇറക്കിയ കുറിപ്പിൽ പറയുന്നു.

 

click me!