
ലഖ്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ കലാപത്തിൽ കൊല്ലപ്പെട്ട സുബോധ് കുമാര്‍ സിംഗിനെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് മൂന്ന് മാസങ്ങൾക്ക് മുമ്പ് ബി ജെ പി നേതാക്കൾ സർക്കാരിന് കത്തിയച്ചിരുന്നുവെന്ന് റിപ്പോർട്ട്. ഹിന്ദു മത പരിപാടികൾക്ക് സുബോധ് തടസ്സം നിന്നുവെന്നാരോപിച്ചാണ് കത്തയച്ചിരുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്റ്റംബര്‍ ഒന്നിന് നേതാക്കള്‍ ബുലന്ദ്ഷഹർ എം പി ഭോല സിംഗിനാണ് ഇത് സംബന്ധിച്ച കത്തയച്ചത്.
ആറ് ബി ജെ പി നേതാക്കളാണ് ഭോല സിംഗിനയച്ച കത്തിൽ ഒപ്പിട്ടിരിക്കുന്നത്. അതേ സമയം ബി ജെ പി ജനറല്‍ സെക്രട്ടറി സഞ്ജയ് ശ്രോത്രിയ സുബോധിനെ മാറ്റണമെന്നാവശ്യപ്പെട്ട് കൊണ്ട് കത്തയച്ച കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഹിന്ദു മതപരിപാടികള്‍ക്ക് തടസ്സം നില്‍ക്കുന്ന പ്രവണത പൊലീസുദ്യോഗസ്ഥനുണ്ടെന്നും ഇക്കാരണത്താൽ ഹിന്ദുക്കളുടെ ഇടയിൽ അദ്ദേഹത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ടെന്നും കത്തിൽ പറഞ്ഞിരുന്നു. സുബോധിനെ സ്ഥലം മാറ്റാൻ ആവശ്യപ്പെട്ട കാര്യം ബി ജെ പി മുൻ കോർപ്പറേറ്ററും കത്തിൽ ഒപ്പിട്ടയാളുമായ മനോജ് ത്യാഗിയും സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടാതെ പശു മോഷണവും കശാപ്പുമായും ബന്ധപ്പെട്ടുള്ള കേസുകൾ സുബോധ് ഗൗരവമായി കാണുന്നില്ലെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് മാറ്റി നടപടി സ്വീകരിക്കണമെന്നും രണ്ട് പാരഗ്രാഫുള്ള കത്തില്‍ ആരോപിച്ചിരുന്നു. അതേ സമയം ബി ജെ പിയും സുബോധും തമ്മിൽ സംഘര്‍ഷങ്ങള്‍ നടന്നിട്ടുണ്ടെന്ന് ശ്രോത്രിയ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam