എറണാകുളത്ത് 2000 പേര്‍ സിപിഎം വിട്ട് സിപിഐയിലേക്ക്

By Web DeskFirst Published Jul 11, 2016, 5:14 AM IST
Highlights

കൊച്ചി: എറണാകുളം ജില്ലയില്‍ സിപിഐഎമ്മില്‍ നിന്ന് വൻ കൊഴിഞ്ഞുപോക്ക്. സിപിഎം നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന 2000ത്തോളം വിമതര്‍ ഈ മാസം 25ന് സിപിഐയിൽ  ചേരും. സിപിഐഎമ്മില്‍ നിന്ന് നീതി ലഭിക്കുമെന്ന് ഇനിയും പ്രതീക്ഷയില്ലെന്നാണ് വിമതനേതാക്കളുടെ നിലപാട്. വര്‍ഷങ്ങളായി നിലനില്ക്കുന്ന ഉള്‍പാര്‍ട്ടി പ്രശ്നങ്ങളാണ് സിപിഐഎമ്മിന് തിരിച്ചടിയായിരിക്കുന്നത്.

എറണാകുളം ജില്ലയിലെ പറവൂര്‍, ഉദയംപേരൂര്‍, എളങ്കുന്നപ്പുഴ, പള്ളുരുത്തി, മുളന്തുരുത്തി, എടയ്ക്കാട്ടുവയല്‍, ആമ്പല്ലൂര്‍ എന്നിവിടങ്ങളില്‍ സിപിഎമ്മില്‍ ഏറെനാളായി വിമതശല്യം രൂക്ഷമാണ്. ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം വിമതപക്ഷത്തെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരുമെന്നായിരുന്നു സിപിഎം നേതൃത്വവുമായുണ്ടായിക്കിയ ധാരണ. തൃപ്പൂണിത്തുറ ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ വിമതര്‍ പാര്‍ട്ടിക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ചത് തെരഞ്ഞെടുപ്പ് ഫലത്തില്‍ ഏറെ നിര്‍ണായകമായിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും വിമതരെ തിരികെ എടുക്കാൻ ഒരു നടപടിയും സ്വീകരിക്കാത്തത് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ നിരാശ ഉണ്ടാക്കിയിരുന്നു.ഈ സാഹചര്യത്തിലാണ് ഇടതുപക്ഷത്തിനൊപ്പം തന്നെ നിലനില്‍ക്കുക എന്ന ലക്ഷ്യത്തോടെ സിപിഐയില്‍ ചേരാൻ വിമതര്‍ തീരുമാനിച്ചത്. സിപിഐ നേതൃ്തവുമായി ആദ്യ ഘട്ടചര്‍ച്ചകള്‍ നടത്തികഴിഞ്ഞു

സിപിഎമ്മിലും വര്‍ഗബഹുജനസംഘടനകളിലും പ്രവര്‍ത്തിച്ചിരുന്ന 2000ത്തോളം പ്രവര്‍ത്തകരാണ് സിപിഐയിലേക്ക് വരുന്നത്. ഈ മാസം 21 ന് എറണാകുളം പ്രസ് ക്ലബില്‍ വിമതപക്ഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും.25ന് വൈകീട്ട് 4ന് തൃപ്പൂണിത്തുറയ്ക്ക് സമീപം നടക്കാവില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.

സിപിഎം വിമതരെ കൂട്ടത്തോടെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യാനുളള സിപിഐയുടെ തീരുമാനം ജില്ലയിലെ ഇടതുമുന്നണിയില്‍ വലിയ പൊട്ടിത്തെറിയ്ക്ക് വഴിയൊരുക്കാൻ സാധ്യതയുണ്ട്.

 

click me!