സമൂഹം പുറംതള്ളിയിട്ടും അവര്‍ പോരുതി നേടിയ വിജയത്തിന് തങ്കത്തിളക്കം

web desk |  
Published : May 17, 2018, 11:12 PM ISTUpdated : Jun 29, 2018, 04:25 PM IST
സമൂഹം പുറംതള്ളിയിട്ടും  അവര്‍ പോരുതി നേടിയ വിജയത്തിന് തങ്കത്തിളക്കം

Synopsis

സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 272 വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്ത് ഇത്തവണ എസ്എസ്എല്‍സി ഹയര്‍സെക്കണ്ടറി പരീക്ഷയെഴുതിയത്.

കാസര്‍കോട്:   പ്രിയയ്ക്ക് (യഥാര്‍ത്ഥ പേരല്ല) വയസ് പതിനെട്ടാകുന്നേയുള്ളൂ. പതിനഞ്ചാം വയസ്സില്‍ ലൈംഗീക പീഡനത്തിനിരയായ പ്രിയയ്ക്ക് രണ്ടു വയസ്സുള്ള കുട്ടിയുണ്ട്. കൈക്കുഞ്ഞുമായാണ് പ്രിയ കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. 60 ശതമാനം മാര്‍ക്ക് വാങ്ങിയാണ് പ്രിയ എസ്എസ്എല്‍സി വിജയിച്ചത്. ആഭ (യഥാര്‍ത്ഥ പേരല്ല)യ്ക്കും പ്രായം പതിനെട്ട്. ആഭയ്ക്ക് അഞ്ചുവയസ്സുള്ള കുട്ടിയുണ്ട്. ആഭയും നിരന്തര ലൈംഗീക പീഡനത്തിന്റെ ഇരയാണ്. ഹയര്‍ സെക്കണ്ടറി പരീക്ഷയെഴുതിയ ആഭ 65 ശതമാനം മാര്‍ക്ക് വാങ്ങിയാണ് ഹയര്‍സെക്കണ്ടറി പരീക്ഷ പാസായത്. അയല്‍വാസികളായ സഹോദരങ്ങളുടെ ലൈംഗീക പീഡനം ഏല്‍ക്കേണ്ടിവന്ന ഗായത്രി (യഥാര്‍ത്ഥ പേരല്ല) ഗര്‍ഭിണിയാണ്. ഗായത്രിക്ക് വയസ്സ് പതിനാറ്. 72 ശതമാനമാണ് ഗായത്രിയുടെ എസ്എസ്എല്‍സി വിജയ ശതമാനം.

കാസര്‍കോട് നിര്‍ഭയ സെല്‍ഹോമില്‍ നിന്ന് നാല് പേര്‍ പത്താം ക്ലാസ് പരീക്ഷയും മൂന്ന് പേര്‍ ഹയര്‍സെക്കണ്ടറി പരീക്ഷയും എഴുതി. ഏഴുപേരും വിജയിച്ചു. പത്താം ക്ലാസ്  പരീക്ഷയെഴുതിയവര്‍ 72 ശതമാനം മാര്‍ക്കോടെയും പ്ലസ് ടു പരീക്ഷയെഴുതിയ മൂന്നുപേര്‍ 60 ശതമാനം മാര്‍ക്ക് വാങ്ങിയും വിജയിച്ചു. 

ഇവര്‍ ഒറ്റപ്പെട്ട കുട്ടികളല്ല. കഴിഞ്ഞ എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷയെഴുതിയ ലൈംഗീക പീഡനമേല്‍ക്കേണ്ടി നിരവധി കുട്ടികളുടെ പ്രതിനിധികളാണവര്‍. സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 272 വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്ത് ഇത്തവണ എസ്എസ്എല്‍സി ഹയര്‍സെക്കണ്ടറി പരീക്ഷയെഴുതിയത്. പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ത്ഥികളും വിജയിച്ചു. 

 നിര്‍ഭയയിലെ അദ്ധ്യാപകരുടെയും സ്റ്റാഫുകളുടെയും നിരന്തരമുള്ള കൗണ്‍സിലിംഗുകളുടെ ഫലമായാണ്, സമൂഹത്തിന് മുന്നില്‍ ഒറ്റപ്പെട്ട് ജീവിതം തള്ളിനീക്കേണ്ടി വരുന്നവര്‍ പരീക്ഷാ വിജയങ്ങള്‍ നേടുന്നത്. സാഹചര്യങ്ങള്‍ എതിരായിട്ടും നിര്‍ഭയ സെന്ററിലെ വിദ്യാര്‍ഥികള്‍ ഉന്നത വിജയം നേടിയതില്‍ അഭിമാനം തോന്നുന്നുവെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.ബിജു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ഡയറ്റിലെ അദ്ധ്യാപകരും സ്റ്റാഫും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ പ്രചോദനം എടുത്ത് പറയേണ്ടതാണെന്നും വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനത്തിനുള്ള എല്ലാ പിന്തുണയും സഹായവും ഒരുക്കുമെന്നും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു.

പീഡനങ്ങള്‍ക്ക് ഇരയായ 28 വിദ്യാര്‍ത്ഥിനികളാണ് കാസര്‍കോട് നിര്‍ഭയ ഹോമിലുള്ളത്. പരീക്ഷാ വിജയം ആഘോഷിച്ചും തുടര്‍പഠനത്തിന് വിദൂര സാധ്യതകള്‍ തേടുകയും ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കിടയിലാണ് പൊതുസമൂഹത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ മടിക്കുന്ന സഹോദരിമാരുടെ വിജയം. സാഹചര്യങ്ങളും സംവിധാനങ്ങളും കൊണ്ട് എ പ്ലസുകള്‍ വാരിക്കൂട്ടിയ വിദ്യാര്‍ഥികള്‍ക്കിടയിലാണ് എല്ലാം എതിരായിരുന്നിട്ടും കാസര്‍കോട് നിര്‍ഭയ ഹോമിലടക്കം സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലുള്ള പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനികള്‍ വിജയവഴിയില്‍ മുന്നേറ്റം നടത്തിയത്. 

ശിശുവികസന വകുപ്പിന്റെ കീഴിലുള്ള വിവിധ സംരക്ഷണ സ്ഥാപനങ്ങളില്‍ താമസിച്ച് പഠിച്ച പെണ്‍കുട്ടികള്‍ പൊതു പരീക്ഷകളില്‍ മികവ് കാട്ടി ജില്ലയ്ക്ക് അഭിമാനമായപ്പോള്‍ മാധുര്യമേറിയ വിജയം എന്നാണ് കാസര്‍കോട് ജില്ലാ കലക്ടര്‍ ജീവന്‍ ബാബു വിശേഷിപ്പിച്ചത്. പരീക്ഷയെ വിദ്യാര്‍ഥിനികള്‍ക്ക് ഗൗരവത്തോടെ നേരിടാന്‍ സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്ക് നിര്‍ലോഭമായ പിന്തുണയും പ്രചോദനവുമായി എത്തിയ കാസര്‍ഗോഡ് ഡയറ്റ് സീനിയര്‍ അധ്യാപകന്‍ ജനാര്‍ദ്ദനന്‍, ഡി.സി .പി.യു.ജീവനക്കാര്‍, പരപ്പ അഡിഷണല്‍ ഐ.സി.ഡി.എസ്. പരിധിയിലെ സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍, മഹിളാ സമഖ്യ ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍  ഫസീല, ഷെല്‍ട്ടര്‍ ഹോം മാനേജര്‍ ആയിരുന്ന അര്‍ച്ചന, സ്റ്റാഫ് അംഗങ്ങള്‍, കാസര്‍ഗോഡ് സി.ഡബ്‌ള്യൂ സി. ചെയര്‍പേഴ്‌സണ്‍ മാധുരി, സാമൂഹ്യ നീതി ഓഫീസര്‍, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍, ചൈല്‍ഡ് ലൈന്‍ സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവരാണ് കണ്ണീരുമായി കഴിഞ്ഞ പ്രായം തികയാത്ത അമ്മമാരായ കുട്ടികളെ പഠിപ്പിച്ചു പരീക്ഷ പാസാക്കിയത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

1999ന് ശേഷം ഇതാദ്യം, കോൺഗ്രസ് മത്സരിക്കുക 528 സീറ്റുകളിൽ; മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഉദ്ധവിനോട് ഇടഞ്ഞ് കോണ്‍ഗ്രസ്
അച്ചടക്കത്തിന്‍റെ ഒരു ദശകം, ഫലപ്രാപ്തിയുടെ ഒരു വർഷം; 2025ൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഭരണത്തിന്‍റെ ശക്തിയെ എങ്ങനെ പ്രതിഫലിപ്പിച്ചു?