ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടെന്ന വാർത്തകൾ വിശ്വസിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി.
വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടെന്ന വാർത്തകൾ ശരിയാണെന്ന് വിശ്വസിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എൻബിസി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് ഈ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്.ഖമേനിയുടെ മരണം സംബന്ധിച്ച വിവരങ്ങൾ തനിക്ക് ലഭിച്ചതായും അത് ശരിയായ വിവരമാണെന്ന് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഖമേനി മാത്രമല്ല, ഇറാന്റെ തീരുമാനങ്ങൾ എടുക്കുന്ന ഉന്നത നേതൃത്വത്തിലെ ഭൂരിഭാഗം പേരും ഇല്ലാതായെന്ന് ട്രംപ് പറഞ്ഞു. "ഇറാൻ ഭരണകൂടത്തിലെ നിരവധി മുൻനിര നേതാക്കൾ കൊല്ലപ്പെട്ടു. നിലവിൽ തീരുമാനങ്ങൾ എടുക്കാൻ ശേഷിയുള്ള നേതൃത്വം അവിടെ അവശേഷിക്കുന്നില്ല," ട്രംപ് കൂട്ടിച്ചേർത്തു.
ചരിത്രത്തിലെ ഏറ്റവും തിന്മ നിറഞ്ഞ മനുഷ്യൻ കൊല്ലപ്പെട്ടുവെന്ന് ട്രംപ് പിന്നീട് തന്റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ദി ട്രൂത്തിലും വെളിപ്പെടുത്തി. അമേരിക്കയുടെയും ഇസ്രായേലിനെയും ഇന്റലിജൻസ് സംവിധാനത്തെ മറികടക്കാൻ ഖമനേയിക്ക് കഴിഞ്ഞില്ലെന്നും ട്രംപ് അവകാശപ്പെട്ടു.
ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന് പിന്നാലെയാണ് ട്രംപും ഖമേനിയുടെ മരണം സ്ഥിരീകരിക്കുന്ന തരത്തിൽ അവകാശവാദമുന്നയിച്ചത്. ഇറാന്റെ സൈനിക-രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്ന സുപ്രധാന നേതാക്കൾ ഒന്നിനുപുറകെ ഒന്നായി ഇല്ലാതായെന്നും ട്രംപ് കൂട്ടിച്ചേർക്കുന്നു.
ഖമേനി സുരക്ഷിതനാണെന്ന് ഇറാൻ ആവർത്തിക്കുമ്പോഴും, അദ്ദേഹം പൊതുവേദിയിൽ വരാത്തത് ട്രംപിന്റെയും നെതന്യാഹുവിന്റെയും വാദങ്ങൾക്ക് ബലം നൽകുന്നു.
ഖമനെയി കൊല്ലപ്പെട്ടിരിക്കാമെന്ന സൂചന നൽകി ഇസ്രയേൽ പ്രധാനമന്ത്രി
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടിരിക്കാമെന്ന സൂചന നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.ശനിയാഴ്ച നടന്ന വ്യോമാക്രമണത്തിൽ ഖമേനിയുടെ ഔദ്യോഗിക വസതിയും ഭരണസിരാകേന്ദ്രവും ഇസ്രയേൽ തകർത്തിരുന്നു.ഇതിന് പിന്നാലെയാണ് ഖമനെയി കൊല്ലപ്പെട്ടുവെന്നാണ് എല്ലാ സൂചനകളും വ്യക്തമാക്കുന്നതെന്ന് നെതന്യാഹു പ്രതികരിച്ചത്. ഇസ്രയേൽ മാധ്യമങ്ങളും ഇതിന് സമാനമായ രീതിയിലുള്ള പ്രതികരണങ്ങളാണ് നടത്തുന്നത്.
എന്നാൽ ഇസ്രയേലിന്റെയും അമേരിക്കയുടേയും എല്ലാ അവകാശവാദവും ഇറാൻ പൂർണ്ണമായും തള്ളി. ഖമനെയി ജീവനോടെ സുരക്ഷാ കേന്ദ്രത്തിലുണ്ടെന്നാണ് ഇറാൻ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.


