
ഹൈദരാബാദ്: ശബരിമലയിൽ ഇരുളിന്റെ മറവിൽ യുവതികളെ എത്തിച്ച നടപടി ഭീരുത്വമാണെന്ന് മുൻ ഐ എസ് ആർ ഒ ചെയർമാൻ ജി മാധവൻ നായർ. പാതിരാത്രിയിൽ ആർക്ക് വേണമെങ്കിലും അങ്ങനെ ചെയ്യാൻ സാധിക്കുമെന്നും എന്നാൽ ഇത് ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ പ്രവേശനം രാഷ്ട്രീയ അജണ്ടയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാർത്താ ഏജൻസിയായ പി റ്റി ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി വിധിക്ക് പിന്നാലെ ഉണ്ടായ പ്രതിഷേധങ്ങൾക്ക് ശേഷമുണ്ടായ സമാധാന അന്തരീഷം പൂർണമായും ഇല്ലാതായി. സിഖുകാർക്കും ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും അവരുടേതായ ആചാര അനുഷ്ഠാനങ്ങൾ ഉണ്ട്. അതിൽ സർക്കാരോ കോടതിയോ ഇടപെടുന്നുണ്ടോ. പിന്നെന്തേ ഹിന്ദു സമുദായത്തെ മാത്രം ലക്ഷ്യമിടുന്നതെന്നും മാധവൻ നായർ ചോദിച്ചു.
കേരളക്കരയെ നാശത്തിലാഴ്ത്തിയ പ്രളയത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നൽകേണ്ട സർക്കാരാണ് ശബരിമല വിഷയത്തിൽ വെറുതേ ഊർജ്ജം പാഴാക്കുന്നത്. പ്രളയാനന്തരം വലിയ നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. എന്നാൽ അവ പരിഹരിക്കുന്ന പ്രവർത്തനങ്ങൾ ഒച്ച് ഇഴയുന്ന വേഗത്തിലാണ് നീങ്ങുന്നത്. സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്തരം കാര്യങ്ങൾക്കാണെന്നും മാധവൻ നായർ പറഞ്ഞു.
അതേസമയം, ബി ജെ പിയിൽ അംഗമായെങ്കിലും പാർട്ടിയുടെ സംഘടനാ സംവിധാനത്തിൽ സജീവമാകാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ പൂർണ്ണ പിന്തുണ നൽകുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam