
തിരുവനന്തപുരം: മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാന്‍കോ മുളക്കലിനെതിരായ കന്യാസ്ത്രീയുടെ ലൈംഗികാരോപണത്തിന് പിന്നില്‍ മയക്കുമരുന്ന് ലോബിയെന്ന് മുന്‍ പൊലീസ് സൂപ്രണ്ട് ജോര്‍ജ് ജോസഫ്. ജലന്ധറില്‍ ആന്‍റി ഡ്രഗ്സ് പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന ആളാണ് ബിഷപ്പ് എന്നാണ് താന്‍ മനസ്സിലാക്കുന്നത്. അതുകൊണ്ട് ബിഷപ്പിനെതിരെ കന്യാസ്ത്രീകളെ ഇറക്കിയത് മയക്കുമരുന്ന് ലോബിയാണ്. സമരം മയക്കുമരുന്ന് ലോബി സ്പോണ്‍സര്‍ ചെയ്തതാണ്. അവര്‍ക്ക് വേണ്ടി സംസാരിച്ച പി സി ജോര്‍ജിനെ ഭീഷണിപ്പെടുത്താന്‍ ക്വട്ടേഷന്‍ കൊടുത്തതും മയക്കുമരുന്ന് ലോബിയാണെന്ന് താന്‍ സംശയിക്കുന്നുവെന്നും ജോര്‍ജ് ജോസഫ് ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പറഞ്ഞു.
''എറണാകുളത്തെ വഞ്ചി സ്വകയറില്‍ പന്തലിട്ടതും എല്ലാം ആരോ സ്പോണ്‍സര്‍ ചെയ്തതാണ്. അവിടെ എത്ര ഫാന്‍ വര്‍ക്ക് ചെയ്തു, അവിടെ എസി ഉണ്ടായിരുന്നു. സുപ്രീംകോടതി ഒരു കാര്യം പറഞ്ഞിട്ടുണ്ട്, ഒരു സ്ത്രീയും പുരുഷനും തമ്മില്‍ വൈരാഗ്യം ഉണ്ടെങ്കില്‍ അതിന് ശേഷം അവിടെ ഒരു റേപ്പ് ആരോപണം കൊണ്ടുവന്നാല്‍ ആ കേസ് നിലനില്‍ക്കില്ല. അതെല്ലാം കൂട്ടി വായിക്കണം. എനിക്ക് ബിഷപ്പിനെ അറിയില്ല, കണ്ടിട്ടില്ല. ഞാന്‍ ഒരു കത്തോലിക്കനായതു കൊണ്ട് വര്‍ഗ്ഗീയവാദിയാണെന്ന് ആളുകള്‍ പറയുന്നുണ്ട്'' - ജോര്‍ജ് ജോസഫ് കൂട്ടിച്ചേര്‍ത്തു.
മരിയ പോളിന്‍റെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറുമായി ബന്ധപ്പെട്ട് 19 കോടി രൂപ ആവശ്യപ്പെട്ടാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം തുടക്കം. പി സി ജോര്‍ജിനെ ഭീഷണിപ്പെടുത്തിയവര്‍ക്ക് ബോംബെ അധോലോകവുമായി ബന്ധമുണ്ടാകാം. ഇതിന് പിന്നില്‍ മലയാളികളായ ഒരു വിഭാഗം ഉണ്ടാകാം. ആരൊക്കെയോ പണമുണ്ടാക്കുന്നുണ്ട്. പിസി ജോര്‍ജ് വലിയ പണക്കാരനാണെന്ന് അറിയപ്പെടുന്ന ആളല്ല. അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയെങ്കില്‍ ചിലരെ ഒതുക്കാനുള്ള ശ്രമമാണെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു. ബിഷപ്പിനെ അനുകൂലിക്കുന്ന ഒരാളെന്ന നിലയില്‍ പി സി ജോര്‍ജിനെ തെരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണ്. ബിഷപ്പിനെ കുടുക്കണമെന്ന് കരുതുന്ന അന്താരാഷ്ട്ര സംഘമുണ്ടെന്നും ജോര്‍ജ് ജോസഫ് വ്യക്തമാക്കി.
സമരത്തിന്‍റെ ചെലവുകള്‍ ഓഡിറ്റ് ചെയ്ത ഓഡിറ്റര്‍ അയച്ച ചെലവായ തുകയുടെ കണക്കും ചര്‍ച്ചയ്ക്കിടെ അവതാരകന്‍ വായിച്ചു. 2,88,261 രൂപ ചെലവഴിച്ച സംരംഭമാണെന്നും കൃത്യമായ ചെലവും കണക്കുമുണ്ടെന്നും അതിനാല്‍ സമരത്തെ ആക്ഷേപിക്കരുതെന്നും സമരപ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam