ആ ചിത്രം ശരിയല്ല, സ്വരാജ്...

By സുജിത്ത് ചന്ദ്രന്‍First Published Dec 6, 2017, 9:22 AM IST
Highlights

കഴിഞ്ഞ മണിക്കൂറുകളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന, തൃപ്പൂണിത്തുറ എംഎല്‍എ എം.സ്വരാജ് അടക്കമുള്ളവര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ഒരു ചിത്രമാണിത്. കണ്ണൂര്‍ അഴീക്കലില്‍ ബോട്ട് മുങ്ങി അത്യാസന്ന നിലയിലായ സ്ത്രീയുടെ ഓക്‌സിജന്‍ മാസ്‌ക് എടുത്തുമാറ്റി ഏഷ്യനെറ്റ് റിപ്പോര്‍ട്ടര്‍ സംസാരിപ്പിക്കുന്നു എന്ന രീതിയിലാണ് ഈ ചിത്രം പ്രചരിക്കുന്നത്. ഇങ്ങനെയൊരു ചിത്രം പ്രചരിച്ചതിനെ തുടര്‍ന്ന് പല പ്രേക്ഷകരും അവരുടെ പരാതിയും അമര്‍ഷവും ഞങ്ങളെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഈ സ്ത്രീയുള്‍പ്പെട്ട സംഭവം  അന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ സ്ഥലത്തുണ്ടായിരുന്ന സുജിത്ത് ചന്ദ്രന് പറയാനുള്ളത് കൂടി കേള്‍ക്കുക... 

ദീര്‍ഘമായി എഴുതാനുള്ള മാനസികനിലയിലല്ല. ചുരുങ്ങിയ വാക്കുകളില്‍ ചിലത് പറഞ്ഞേ ആവൂ എന്ന് തോന്നിയതുകൊണ്ട് മാത്രം....കാരണം മുകളില്‍ ചേര്‍ത്ത ചിത്രത്തിനൊപ്പം ഇപ്പോള്‍ പ്രചരിക്കുന്ന ആക്ഷേപങ്ങളില്‍ ഉത്തരവാദിത്തത്തോടെ വിശദീകരണം തരാനാകുന്ന ഒരാള്‍ ഞാനാണ്.

2015 ഓഗസ്റ്റ് മാസം 16ആം തീയതി ഫോര്‍ട്ട് കൊച്ചിക്ക് സമീപം എം.ബി.ഭരത് എന്ന യാത്രാബോട്ട് മത്സ്യബന്ധന ബോട്ടിലിടിച്ച് മുങ്ങിത്താഴുമ്പോള്‍ ഞാന്‍ മറ്റൊരു വാര്‍ത്തക്കായി എറണാകുളം നഗരത്തിലുണ്ടായിരുന്നു. ഓഫീസില്‍ നിന്നും അപകടവാര്‍ത്ത അറിയച്ചതിന് പിന്നാലെ സംഭവസ്ഥലത്ത് ആദ്യം പാഞ്ഞെത്തിയവരില്‍ ഒരാളായിരുന്നു ഞാനും. കമ്മാലക്കടവിന് സമീപം ജെട്ടിക്ക് പത്തിരുപത് മീറ്റര്‍ മാത്രം അകലെ വച്ച് പഴക്കം ചെന്ന യാത്രാബോട്ട് ഇടിയുടെ ഊക്കില്‍ രണ്ടായി പിളര്‍ന്ന് കപ്പല്‍ച്ചാലിന് സമീപം മുങ്ങിത്താണു. 

ഉള്‍ക്കൊള്ളാവുന്നതിലും ഏറെക്കൂടുതല്‍ യാത്രക്കാര്‍ ബോട്ടിലുണ്ടായിരുന്നതുകൊണ്ട് എത്രപേര്‍ രക്ഷപ്പെട്ടു, എത്രപേര്‍ മുങ്ങിത്താണു എന്നൊന്നും ആര്‍ക്കും ഒരു രൂപവും ഉണ്ടായിരുന്നില്ല. ജീവന്‍ പോയവരേയും ഡീസല്‍ കലര്‍ന്ന വെള്ളം കുടിച്ച് അവശരായവരേയും കൊണ്ട് കിട്ടിയ വണ്ടികളില്‍ നാട്ടുകാര്‍ ഫോര്‍ട്ട് കൊച്ചിയിലേയും എറണാകുളത്തേയും ആശുപത്രികളിലേക്ക് പാഞ്ഞു. അപകടസ്ഥലത്തേക്കും വിവിധ ആശുപത്രികളിലേക്കും വാര്‍ത്ത ശേഖരിക്കാന്‍ എല്ലാ മാധ്യമങ്ങളില്‍ നിന്നും സഹപ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരുന്നു.

ഫോര്‍ട്ട് കൊച്ചി ഗൗതം ആശുപത്രിയിലേക്ക് വന്നത് എന്റെ സുഹൃത്തും അന്നത്തെ സഹപ്രവര്‍ത്തകനുമായിരുന്ന മാധ്യമപ്രവര്‍ത്തകനാണ്. (നിലവില്‍ എനിക്കൊപ്പം ജോലി ചെയ്യാത്തതുകൊണ്ടും മറ്റിടങ്ങളില്‍ അദ്ദേഹത്തിന് തൊഴില്‍കിട്ടാന്‍ ബുദ്ധിമുട്ട് വരാതെയിരിക്കാനും അയാളുടെ പേര് ഞാനൊഴിവാക്കുന്നു.) വരും വഴി ഈ സുഹൃത്ത് നിരന്തരം ഫോണില്‍ എന്നെ വിളിക്കുന്നുണ്ടായിരുന്നു. മരിച്ചവരുടേയും വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയവരുടേയും വിവരങ്ങള്‍ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ അവന്‍ ശേഖരിച്ചിരുന്നു. 

ആശുപത്രിയിലെത്തിയ അദ്ദേഹം രക്ഷപ്പെട്ടവരോട് സംസാരിക്കാനാകുമോ ഡോക്ടര്‍മാരോട് തിരക്കുന്നു. ചിലര്‍ സ്റ്റേബിളായിട്ടുണ്ട് പക്ഷേ അപകടത്തിന്റെ മാനസിക ആഘാതത്തിലാണ് എന്ന് ഡോക്ടര്‍ മറുപടി പറയുന്നു. കൂടെയുള്ളവര്‍ ജീവനോടെയുണ്ടോ എന്നായിരുന്നു ഇപ്പോള്‍ വിവാദമാക്കിയ ഈ ചിത്രത്തിലുള്ള സ്ത്രീക്ക് അറിയേണ്ടത്. വല്ലാതെ വെപ്രാളപ്പെട്ടിരുന്ന ആ സ്ത്രീയോട് മരണപ്പെട്ടവരില്‍ അവര്‍ പറയുന്ന പേരുകളില്ല എന്ന് കയ്യിലുള്ള പട്ടികയില്‍ നിന്ന് എന്റെ സഹപ്രവര്‍ത്തകനായിരുന്ന, മനുഷ്യത്വമില്ലെന്ന് ചിലരീ ചിത്രം കണ്ടുറപ്പിക്കുന്ന ഈ മാധ്യമപ്രവര്‍ത്തകന്‍ ഈ സമയം ഉറപ്പിച്ച് പറയുന്നുണ്ട്.

''നിങ്ങള്‍ പറഞ്ഞാല്‍ അവര്‍ വിശ്വസിക്കും, അത് അവരോട് പറഞ്ഞോളൂ''എന്ന് ഡോക്ടര്‍ പറഞ്ഞത് അനുസരിച്ചാണ് പിന്നീട് ആ സ്ത്രീയുമായി അവന്‍ സംസാരിച്ചത്. തുടര്‍ന്ന് വാര്‍ത്തക്കായി അവരുടെ ഒരു സൗണ്ട് ബൈറ്റ് ഷൂട്ട് ചെയ്യുകയും ചെയ്തു എന്നത് സത്യമാണ്. ഈ സമയം കുറഞ്ഞത് മൂന്ന് ഡോക്ടര്‍മാരെങ്കിലും അവിടെയുണ്ട്. രക്ഷപ്പെട്ട സ്ത്രീ അപകടത്തെപ്പറ്റി സംസാരിക്കുന്നതിനിടെ സൗകര്യത്തിന് മുഖത്തെ മാസ്‌ക് മാറ്റിക്കൊടുത്തതും അവരില്‍ ഒരാളാണ്. ലൈവില്‍ ഈ ദൃശ്യം പോയെങ്കിലും, പിന്നീട് വാര്‍ത്തയില്‍ നിന്ന് തെറ്റിദ്ധാരണ ഉണ്ടാകേണ്ടെന്ന് കരുതി വാര്‍ത്താനേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇത് പിന്‍വലിച്ചിരുന്നു. അന്ന് ലൈവ് സ്ട്രീമിംഗില്‍ നിന്ന് ആരോ സ്‌ക്രീന്‍ ഷോട്ടെടുത്ത് പ്രചരിപ്പിച്ച ചിത്രമാണ് രണ്ട് വര്‍ഷത്തെ ഇടവേളക്കിപ്പുറം വീണ്ടും പ്രചരിക്കുന്നത്.

ആ മാധ്യമപ്രവര്‍ത്തകന്‍, എന്റെയാ സുഹൃത്ത് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് താല്‍ക്കാലിക ഇടവേളയെടുത്ത് ആലപ്പുഴയിലുണ്ട്. അവിടെ ഇടത് സംഘടനാപ്രവര്‍ത്തനത്തിലും വായനശാലാ പ്രവര്‍ത്തനത്തിലുമൊക്കെ അദ്ദേഹം സജീവവുമാണ്. നേരും നന്‍മയുമില്ലാത്ത ഏതോ ശവംതീനി മാധ്യമപ്രവര്‍ത്തകനാണ് ആ മൈക്ക് പിടിച്ചിരിക്കുന്നത് എന്ന ആക്ഷേപം അവനുവേണ്ടി എനിക്ക് നിഷേധിച്ചേ ആകൂ... അയാളുടെ സുഹൃത്തുക്കളോടും ആലപ്പുഴയിലെ അയാളുടെ സഖാക്കളോടും ഒന്നും പറയാനില്ല, അവര്‍ക്കവനെ അറിയാമല്ലോ.....

 

click me!