യുപിയിലെ വിഷമദ്യ ദുരന്തം: അപലപിച്ച് പ്രിയങ്ക ഗാന്ധി; സര്‍ക്കാരിനെതിരെ മരിച്ചവരുടെ ബന്ധുക്കള്‍

By Web TeamFirst Published Feb 10, 2019, 8:03 PM IST
Highlights

ഉത്തർപ്രദേശിലെ സഹാരന്‍പൂർ, ഖുഷിനഗർ, മീററ്റ്, റൂർഖി എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും അതിർത്തി ജില്ലകൾ വ്യാജമദ്യം വൻ തോതിൽ വിറ്റഴിക്കുന്ന മേഖലകളാണ്.

ലക്നൗ: ഉത്തർപ്രദേശിലെ സഹാറൻപൂരിലും സമീപ പ്രദേശങ്ങളിലുമായുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ പ്രതിഷേധവുമായി രംഗത്ത്. മരിച്ചവരുടെ കുടുംബങ്ങള്‍ റോഡ് ഉപരോധിക്കുകയാണ്. മരിച്ചവരുടെ ഭാര്യമാർക്ക് ജോലിയും മക്കൾക്ക് സൗജന്യ വിദ്യഭ്യാസവും നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധം. ഇതിനിടെ വ്യാജമദ്യ ദുരന്തത്തില്‍ എഴുപതിലേറെ പേര്‍ മരിച്ച സംഭവത്തില്‍ അപലപിച്ച് കോണ്‍ഗ്രസ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. 

ഉത്തർപ്രദേശിലെ സഹാരന്‍പൂർ, ഖുഷിനഗർ, മീററ്റ്, റൂർഖി എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും അതിർത്തി ജില്ലകൾ വ്യാജമദ്യം വൻ തോതിൽ വിറ്റഴിക്കുന്ന മേഖലകളാണ്.

ഉത്തർപ്രദേശിലെ സഹാരൺപൂർ ജില്ലയിലാണ് ഏറ്റവുമധികം മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണാന്തര ചടങ്ങിൽ പങ്കെടുക്കാൻ  ഉത്തരാഖണ്ഡിലേക്ക് പോയ ആളുകൾക്കാണ് ദുരന്തം സംഭവിച്ചത്. ഉത്തരാഖണ്ഡിലെ  ഹരിദ്വാറിലെ ഒരു വീട്ടിൽനിന്നാണ് ഇവർ മദ്യം വാങ്ങിയത്. ഇവരുടെ കൂട്ടത്തിലെ ഒരാള്‍ സഹരാന്‍പൂരിലേക്ക് മദ്യം കടത്തി വില്‍പ്പന നടത്തി. പിന്‍റു എന്നയാളാണ് മദ്യം കൊണ്ടുവന്ന് വില്‍പ്പന നടത്തിയത്. 

സംഭവവുമായി ബന്ധപ്പെട്ട് ഖുശിനഗറിലെ ജില്ലാ എക്സൈസ് ഓഫീസർ, ജില്ലാ എക്സൈസ് ഇൻസ്പെക്ടർ എന്നിവരെ സസ്പെൻഡ് ചെയ്തു. കേസിൽ മുപ്പതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം മരിച്ചവർക്ക് ഉത്തർപ്രദേശ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.   മരിച്ചവർക്ക് രണ്ട് ലക്ഷം വീതവും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർക്ക് 50,000 രൂപ വീതവും സഹായധനം നൽകുമെന്ന് ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചത്. യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം ഉത്തർപ്രദേശിലെ അനധികൃത മദ്യഷാപ്പുകള്‍ക്കെതിരെ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. 

click me!