
മുംബൈ: ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്ത കുടുംബത്തിന് ഭക്ഷണത്തിൽനിന്ന് കിട്ടിയത് പ്ലാസ്റ്റിക് കഷ്ണം. ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി പ്ലാറ്റ്ഫോമായ സൊമാറ്റോയിൽ പനീർ വിഭവം ഓർഡർ ചെയ്തത കുടുംബത്തിനാണ് പനീറിന് പകരം പ്ലാസ്റ്റിക് കഷ്ണം ലഭിച്ചത്. സംഭവത്തില്‍ സൊമാറ്റോ ക്ഷമാപണവുമായി രംഗത്തെത്തി.
മഹാരാഷ്ട്രയിലെ ഔറഗാബാദ് സ്വദേശി സച്ചിൻ ജംദാരേയാണ് സൊമാറ്റോയിൽ പനീർ വിഭവം ഓർഡർ ചെയ്തത്. ചില്ലി പനീർ മസാലയാണ് സച്ചിൻ തന്റെ രണ്ട് മക്കൾക്കായി ഓർഡർ ചെയ്തത്. ഓർഡർ ചെയ്ത് അധികം താമസിയാതെ വിഭവം വീട്ടിലെത്തി. പിന്നീട് കഴിക്കാൻ തുടങ്ങിയപ്പോഴാണ് മകൾ പനീർ നല്ല ഉറപ്പുണ്ടെന്നും കഴിക്കാൻ ബുദ്ധിമുട്ടാണെന്നും പറയുന്നത്. പനീർ കഷ്ണമാണെന്ന് കരുതി മകളുടെ കൈയിൽനിന്ന് ആ കഷ്ണം വാങ്ങി പരിശോധിച്ചപ്പോഴാണ് പാസ്റ്റിക്ക് ആണെന്ന് കണ്ടെത്തിയത്.
തുടർന്ന് സംഭവത്തെക്കുറിച്ച് ഭക്ഷണം ഡെലിവറി ചെയ്ത റസ്റ്റോറന്റിൽ പരാതിപെട്ടെങ്കിലും ഹോട്ടൽ ഉടമ അത് കേൾക്കാൻ പോലും തയ്യാറായിരുന്നില്ല. ഭക്ഷണത്തിൽനിന്ന് പ്ലാസ്റ്റിക് കഷ്ണങ്ങൾ ലഭിച്ചെന്ന് പരാതിപെട്ടപ്പോൾ അത് ഡെലിവറി ബോയി ചെയ്തതായിരിക്കുമെന്ന് പറഞ്ഞ് റസ്റ്റോറൻറ് ഉടമ തടിയൂരുകയായിരുന്നുവെന്ന് സച്ചിൽ പറയുന്നു. സംഭവത്തിൽ സച്ചിൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഭക്ഷണത്തിൽനിന്ന് ലഭിച്ച പ്ലാസ്റ്റിക് കഷ്ണങ്ങള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും പരിശോധനാ ഫലം വന്നാലുടൻ നടപടി എടുക്കുമെന്നും ഔറഗാബാദ് എസ് ഐ ശ്യാം സുന്ദർ പറഞ്ഞു.
അതേസമയം ഉപഭോക്താവ് നേരിട്ട മോശം അനുഭവത്തിൽ ഓൺലൈൻ സൊമാറ്റോ ക്ഷമാപണം നടത്തി. ഭക്ഷണം ഓർഡർ ചെയ്യാവുന്ന ഹോട്ടലുകളുടെ പട്ടികയിൽനിന്ന് ആരോപണ വിധേയമായ റസ്റ്റോറന്റിനെ സസ്പെൻഡ് ചെയ്തതായി കമ്പനി അറിയിച്ചു. തങ്ങൾ ഭക്ഷ്യ സുരക്ഷ, ഗുണം, ശുചിത്വം എന്നിവയ്ക്കാണ് പ്രധാന്യം നൽകുന്നതെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ ഭക്ഷണം വിതരണം ചെയ്യാനെത്തിയ ഡെലിവറി ബോയ് വഴിയില്‍ വെച്ച് ഭക്ഷണം തുറന്ന് കഴിക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സൊമാറ്റോയുടെത് തന്നെ ഡെലിവറി ബോയിയായിരുന്നു ഉപയോക്താവിന്‍റെ ഫുഡ് പാഴ്‌സല്‍ തുറന്ന് അതില്‍ നിന്ന് കഴിച്ചതിന് ശേഷം വീണ്ടും പഴയപടി പാഴ്‌സല്‍ ചെയ്ത് വയ്ക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ നിരവധി പേരാണ് സൊമാറ്റൊ ഉള്‍പ്പടെയുള്ള കമ്പനികളെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam