നീതികിട്ടിയില്ലെങ്കിൽ മരണം വരെ തെരുവിൽ സമരമെന്ന് സനലിന്‍റെ കുടുംബം

By Web TeamFirst Published Nov 9, 2018, 1:23 PM IST
Highlights

സനൽകുമാർ മരിച്ച് അഞ്ച് ദിവസം കഴിയുമ്പോഴും പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെക്കുറിച്ച് പൊലീസിന് വിവരമൊന്നുമില്ല. അറസ്റ്റ് ഇനിയും വൈകിയാൽ സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹ സമരം തുടങ്ങാന്‍ ഒരുങ്ങുമെന്ന് സനൽകുമാറിന്‍റെ ഭാര്യയും മക്കളും.

തിരുവനന്തപുരം: സനല്‍ കുമാര്‍ കൊലക്കേസില്‍ നീതികിട്ടും വരെ തെരുവിൽ സമരമെന്ന് സനലിന്‍റെ കുടുംബം.
സനൽകുമാർ മരിച്ച് അഞ്ച് ദിവസം കഴിയുമ്പോഴും പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ പൊലീസ് പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. 

സനലിനെ ആക്രമിച്ചയിടത്ത് മക്കളുമായി സമരമിരിക്കുമെന്നും മരണം വരെ സമരം തുടരുമെന്നും ഭാര്യ വിജി പറഞ്ഞു. അറസ്റ്റ് ഇനിയും വൈകിയാൽ സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തുമെന്ന് സനലിന്‍റെ സഹോദരി പ്രതികരിച്ചു. അതേസമയം, ഹരികുമാറിന്‍റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ ഇന്ന് പൊലീസ് സ്റ്റേഷൻ മാർച്ച് നടന്നു.

സനൽകുമാറിന്‍റെ ബന്ധുക്കളടക്കം പങ്കെടുത്ത മാർച്ച് നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞു. പ്രതിയെ പിടികൂടുന്നതിനൊപ്പം കുടംബത്തിന് നഷ്ടപരിഹാരവും സനലിന്‍റെ ഭാര്യക്ക് ജോലിയും ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നു. അടുത്ത ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ വ്യാഴാഴ്ച മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ സനലിന്‍റെ ഭാര്യയും മക്കളും സത്യാഗ്രഹം തുടരും. 

കേസ് അന്വേഷിക്കുന്ന എസ്.പി. ആന്‍റണി മുമ്പ് പല സംഭവങ്ങളിലും ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണ്. അതുകൊണ്ട് പോലീസുമായി സഹകരിക്കില്ലെന്നും കുടുംബം പറയുന്നു. അതേസമയം, തന്‍റെ സഹോദരെ ചതിയിൽ പെടുത്താൻ നടന്ന ശ്രമത്തിനിടെയാണ് സനൽകുമാർ മരിച്ചതെന്നാണ് ഹരികുമാറിന്‍റെ ജേഷ്ഠന്‍റെ ആരോപണം. എന്നാൽ സനൽകുമാർ തന്‍റെ വാഹനത്തിന് മുന്നിലേക്ക് വന്ന് വീഴുകയായിരുന്നെന്ന് വാഹനമോടിച്ചയാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

click me!