
കോഴിക്കോട്: സാമൂഹിക മാധ്യമം വഴി ലൈംഗിക അതിക്രമ ആരോപണം നേരിട്ടതിന് പിന്നാലെ കോഴിക്കോട് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിക്കെതിരെ കുടുംബം നിയമ നടപടിക്ക് ഒരുങ്ങുന്നു. സ്വകാര്യ ബസിലെ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത് യുവതി വ്യാജ ആരോപണം ഉന്നയിച്ചെന്ന് കാട്ടി മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കാനാണ് ആത്മഹത്യ ചെയ്ത ദീപക്കിന്റെ കുടുംബത്തിന്റെ നീക്കം. യുവതിക്കെതിരെ നിയമനടപടിയുമായി ഏതറ്റം വരെയും പോകുമെന്ന് കുടുംബം പ്രതികരിച്ചു.
പയ്യന്നൂരില്‍ സ്വകാര്യ ബസില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് കാട്ടി പൊതു പ്രവര്‍ത്തക കൂടിയായ യുവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയായിരുന്നു കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിക്കപ്പെട്ടതില്‍ മനം നൊന്താണ് ആത്മഹത്യയെന്ന ആരോപണവുമായി ദീപക്കിന്‍റെ കുടുംബവും സുഹൃത്തുക്കളും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് യുവതിക്കെതിരെ പരാതി നല്‍കാനുള്ള നീക്കം. മുഖ്യമന്ത്രി, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ തുടങ്ങിയവര്‍ക്കാണ് പരാതി നല്‍കുക.
ദീപക്കിന്‍റെ ആത്മഹത്യയിൽ അസ്വാഭാവിക മരണത്തിനാണ് ഇന്നലെ പോലീസ് കേസെടുത്തത്. കുടുംബത്തിന്‍റെ പരാതി കിട്ടിയാല്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാകും തുടര്‍ നടപടി. ബസില്‍ വെച്ച് ദുരനുഭവമുണ്ടായെന്ന ആരോപണം ദീപക്കിന്‍റെ മരണത്തിന് ശേഷവും യുവതി ആവര്‍ത്തിച്ചിരുന്നു. വടകര പോലീസില്‍ ഇക്കാര്യം അറിയിച്ചെന്നുമായിരുന്നു യുവതിയുടെ അവകാശ വാദം. എന്നാല്‍ ഈ വാദം വടകര പോലീസ് തള്ളി. ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിയില്ലെന്നും ആരും പരാതി നല്‍കിയിട്ടില്ലെന്നുമായിരുന്നു വടകര ഇന്‍സ്പ്കെടറുടെ വിശദീകരണം. സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായതിന് പിന്നാലെ യുവതി ഇന്‍സ്റ്റഗ്രാം.എഫ് ബി അക്കൗണ്ടുകള്‍ നീക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam