ഗുജറാത്ത് മുഖ്യന്‍റെ പരിപാടിക്കിടെ കീടനാശിനി കഴിച്ച് കര്‍ഷകന്‍ ആത്മഹത്യക്ക് ശ്രമിച്ചു

By Web TeamFirst Published Nov 11, 2018, 5:54 PM IST
Highlights

ചിലര്‍ നടത്തിയ കയ്യേറ്റം കാരണം ദോദിയക്ക് തന്‍റെ ഭൂമിയിലേക്ക് കയറാന്‍ പോലും സാധിക്കാതെ അവസ്ഥയിലായിരുന്നു. ഈ കയ്യേറ്റം ഒഴിപ്പിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടെങ്കിലും തദ്ദേശ ഭരണകര്‍ത്താക്കള്‍ ഇടപ്പെട്ടില്ല

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പങ്കെടുത്ത പരിപാടിക്കിടെ കര്‍ഷകന്‍ കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയിലെ പ്രാന്‍സലി ഗ്രാമത്തിലാണ് സംഭവം. മസ്റിഭായ് ദോദിയ എന്ന കര്‍ഷകനാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

പൊലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കോണിനാര്‍ താലൂക്കിലെ ഡോലോസാ ഗ്രാമത്തിലാണ് മസ്റിഭായ് ദോദിയയുടെ കൃഷിഭൂമി. ഇതിന് മുന്നിലുള്ള പഞ്ചായത്തിന്‍റെ സ്ഥലത്തെ കയ്യേറ്റം ഒഴിപ്പിക്കാന്‍ തദ്ദേശ ഭരണകര്‍ത്താക്കള്‍ക്ക് സാധിക്കാതിരുന്നതോടെ ദോദിയ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ഗിര്‍ സോമനാഥ് എസ്പി രാഹുല്‍ ത്രിപാഠി പറഞ്ഞു.

ചിലര്‍ നടത്തിയ കയ്യേറ്റം കാരണം ദോദിയക്ക് തന്‍റെ ഭൂമിയിലേക്ക് കയറാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു. ഈ കയ്യേറ്റം ഒഴിപ്പിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടെങ്കിലും തദ്ദേശ ഭരണകര്‍ത്താക്കള്‍ ഇടപെട്ടില്ല. ഇതോടെ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ വന്ന് കീടനാശിനി കഴിക്കുകയായിരുന്നു.

തന്‍റെ സ്ഥലത്തിന് മുന്നിലുള്ള പഞ്ചായത്തിന്‍റെ സ്ഥലം ഭൂമാഫിയ കെെവശപ്പെടുത്തിയിരിക്കുകയാണെന്ന് ആശുപത്രിയിലെത്തിയ മാധ്യമങ്ങളോട് ദോദിയ പ്രതികരിച്ചു. കയ്യേറ്റം ഒഴിപ്പിക്കണമെന്ന ആവശ്യവുമായി കയറിയിറങ്ങി മടുത്തെന്നും അധികൃതര്‍ ഒന്നും ചെയ്യാത്തതിനാലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

click me!