ട്രക്കിടിച്ച് പശു ചത്തു; കർഷകനും കുടുംബത്തിനും വിചിത്ര വിലക്കുമായി ഗ്രാമ പഞ്ചായത്ത്

By Web TeamFirst Published Jan 4, 2019, 11:39 AM IST
Highlights

പ്രജാപതി ട്രാക്ടർ പാർക്ക് ചെയ്യുന്ന സമയത്ത് പുറകിൽ നിന്നിരുന്ന പശുവിനെ അബന്ധത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഉടൻ തന്നെ പശു ചാകുകയും ചെയ്തു.

ഭോപ്പാൽ: ട്രക്കിടിച്ച് പശു ചത്തതിൽ പ്രതിഷേധിച്ച് കർഷകനും കുടുംബത്തിനും ഗ്രാമ പഞ്ചായത്തിന്റെ വിലക്ക്. മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലാണ് സംഭവം. പ്രാജാപതി എന്ന കർഷകനും കുടുംബത്തിനുമാണ് പഞ്ചായത്ത് വിലക്കേർപ്പെടുത്തിയത്. ഗോഹത്യ നടത്തിയെന്നാരോപിച്ചാണ് ഗ്രാമ സര്‍പഞ്ചിന്റെ നേതൃത്വത്തില്‍ പ്രജാപതിക്കും കുടുംബത്തിനും ശിക്ഷയായി വിലക്ക് കൽപ്പിച്ചിരിക്കുന്നത്.

പ്രജാപതിയെയും കുടുംബത്തെയും ഗ്രാമത്തിൽ പ്രവേശിപ്പിക്കണമെങ്കിൽ കുടുംബത്തിലെ എല്ലാവരും ഗംഗയിൽ പോയി കുളിക്കണം. ‘കന്യാ-ബ്രാഹ്മണ്‍ ഭോജ്’ സംഘടിപ്പിച്ച ശേഷം കൂട്ട സദ്യ നടത്തണം. ഒരു പശുവിനെ ദാനമായി നൽകണം. തുടങ്ങിയ നിബന്ധനകളാണ് പഞ്ചായത്ത് മുന്നോട്ട് വെച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ഗ്രാമപഞ്ചായത്ത് ഇത്തരമൊരു തീരുമാനമെടുത്തത്. പ്രജാപതി ട്രാക്ടർ പാർക്ക് ചെയ്യുന്ന സമയത്ത് പുറകിൽ നിന്നിരുന്ന പശുവിനെ അബന്ധത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഉടൻ തന്നെ പശു ചാകുകയും ചെയ്തു.

ഇപ്പോൾ ഗ്രാമത്തിൽ തിരകെ പ്രവേശിക്കുന്നതിനായി കുടുംബസമേതം ഗംഗയിൽ കുളിക്കാന്‍  പോയിരിക്കുകയാണ് പ്രാജാപതി. അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഷിയോപൂര്‍ ജില്ലാ അഡീഷണൽ കളക്ടർ രാജേന്ദ്ര റായ് പറഞ്ഞു. എന്നാൽ വിഷയത്തിൽ വിശദമായി അന്വേഷണെ നടത്തുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

click me!