'ഹരിത ഭൂമിയെ നശിപ്പിക്കാനാകില്ല'; മോദിയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ വ്യാപക കര്‍ഷക പ്രതിഷേധം

By Web TeamFirst Published Feb 7, 2019, 11:27 AM IST
Highlights

'പച്ചപ്പ് നിറഞ്ഞ ഭൂമിയാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിനായി ലക്ഷക്കണക്കിന് മരങ്ങൾ ഇവിടെ നിന്നും മുറിച്ചു മാറ്റേണ്ടതായി വരും. ഹരിത ഭൂമിയെ ഞങ്ങൾക്ക് നശിപ്പിക്കാൻ സാധിക്കില്ല'- കര്‍ഷക നേതാവായ ജയേഷ് പട്ടേല്‍ പറഞ്ഞു.

ഗാന്ധിന​ഗർ: മോദി സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായ ബുള്ളറ്റ് ട്രെയിനിനെതിരെ ​ഗുജറാത്തിൽ വ്യാപക കര്‍ഷക പ്രക്ഷോഭം. ​ഗുജറാത്തിലെ 29 ​ഗ്രാമങ്ങളിലെ കർഷകരാണ് പ്രതിഷേധ പ്രകടനങ്ങളുമായി രം​ഗത്തെത്തിയിരിക്കുന്നത്. ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പാക്കുകയാണെങ്കിൽ വ്യാപകമായ കൃഷി നാശം സംഭവിക്കുമെന്നാണ് കർഷകരുടെ പക്ഷം. 2000 ലധികം പ്രതിഷേധക്കാര്‍ ഇത് സംബന്ധിച്ച് മെമ്മോറാണ്ടം അധികൃതരുടെ മുമ്പ‍ാകെ സമര്‍പ്പിച്ചിട്ടുണ്ട്.

'പച്ചപ്പ് നിറഞ്ഞ ഭൂമിയാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിനായി ലക്ഷക്കണക്കിന് മരങ്ങൾ ഇവിടെ നിന്നും മുറിച്ചു മാറ്റേണ്ടതായി വരും. ഹരിത ഭൂമിയെ ഞങ്ങൾക്ക് നശിപ്പിക്കാൻ സാധിക്കില്ല'- കര്‍ഷക നേതാവായ ജയേഷ് പട്ടേല്‍ പറഞ്ഞു. 2018 ജൂണിലാണ് 3500 കോടി രൂപയുടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയൽ പ്രഖ്യാപിച്ചത്. തുടർന്ന് മേയിൽ  ജാപ്പനീസ് പ്രതിനിധി സഭാംഗം അകിമോട്ടോ മസതോഷി അബമ്മദാബാദ് -മുംബൈ ബുള്ളറ്റ് ട്രെയിനിന്റെയും അഹമ്മദാബാദ് -ഗാന്ധിനഗര്‍ മെട്രോ റെയില്‍ പദ്ധതിയുടെയും ഭൂമികള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

ജാപ്പനീസ് സഹകരണത്തോടെയാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നടപ്പാക്കുന്നത്. 2023 ആഗസ്റ്റ് 15-ന് ബുള്ളറ്റ് പാതയിലൂടെ ബുള്ളറ്റ് ട്രെയിന്‍ ഓടി തുടങ്ങുമെന്നായിരുന്നു തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. എന്നാല്‍ സ്വതന്ത്ര്യ ഇന്ത്യയുടെ 75-ാം വാര്‍ഷികമായ 2022 ആഗസ്റ്റ് 15-ല്‍ തന്നെ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കുമെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്. 

ബാന്ദ്ര-കുര്‍ള കോപ്ലക്‌സിനോട് ചേര്‍ന്ന് കടലിനടയിലൂടെ നിര്‍മ്മിക്കേണ്ട തുരങ്കത്തിന് വേണ്ടിയുള്ള ആദ്യഘട്ട പരിശോധനകളും ഇതിനോടകം പൂര്‍ത്തിയായി കഴിഞ്ഞു. 508 കിലോമീറ്റർ നീളമുള്ള അതിവേഗ പാതയുടെ 21 കിമീ ഭാഗം ഭൂമിക്കടിയിലൂടെയാണ് കടന്നു പോവുന്നത്, അതില്‍ 7 കിലോമീറ്റർ പൂര്‍ണമായും കടലിനടിയിലൂടെയാണ്.

click me!