പശുസംര​ക്ഷണം ബാധ്യതയാകുന്നു; യുപിയിൽ കാലികൾ നശിപ്പിക്കുന്നത് കോടിക്കണക്കിന് രൂപയുടെ കൃഷി ഭൂമിയെന്ന് കർഷകർ

By Web TeamFirst Published Feb 11, 2019, 4:08 PM IST
Highlights

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കർഷക രോഷം നിയന്ത്രിക്കാനാണ് ഇതിലൂടെ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.

ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിലും പശുവാണ് ഉത്തര്‍പ്രദേശിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം. ഈ സാഹചര്യത്തിലാണ് അലഞ്ഞുതിരിയുന്ന പശുക്കളിൽ നിന്ന് കൃഷിക്ക് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഉത്തർപ്രദേശിലെ കർഷകർ രം​ഗത്തെത്തിയിരിക്കുന്നത്. അലഞ്ഞുനടക്കുന്ന പശുക്കൾ കോടിക്കണക്കിന് രൂപയുടെ കൃഷി ഭൂമിയാണ് നശിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ​ഗോശാലകൾക്കും അലഞ്ഞുതിരിയുന്ന പശുക്കളുടെ സംരക്ഷണത്തിനുമായി 600 കോടി രൂപ യോ​ഗി ആദിത്യനാഥ് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കർഷക രോഷം നിയന്ത്രിക്കാനാണ് ഇതിലൂടെ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.

2016 -17 വര്‍ഷത്തിൽ 13 ലക്ഷത്തോളം അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ ഉത്തര്‍പ്രദേശിലുണ്ടായിരുന്നുവെന്നാണ് കണക്ക്.  യോഗി സര്‍ക്കാര്‍ 
അധികാരത്തിലെത്തിയ ശേഷം ഇത് കുത്തനെ കൂടി. അനധികൃത അറവുശാലകളും കന്നുകാലി കടത്തും നിരോധിച്ചു. ഇതോടെ കറവ വറ്റിയ പശുക്കളെ വില്‍ക്കാൻ കഴിയാതായായി. ഉടമകള്‍ പശുക്കളെ കയറൂരി വിട്ടു. ഇവയെ പൂട്ടാൻ വേണ്ടത്ര ഗോശാലകള്‍ സംസ്ഥാന സര്‍ക്കാര്‍ തുറന്നതുമില്ല. ഗോസംരക്ഷകരും ആള്‍ക്കൂട്ട കൊലപാതകങ്ങളും കൂടിയായതോടെ പശുവിനെ വളര്‍ത്താൻ പോലും പേടി. 

ഇത്തരത്തിൽ ആഹാരം ലഭിക്കാത്ത കന്നുകാലികൾ കൃഷിയിടങ്ങളിലിറങ്ങി കോടിക്കണക്കിന് രൂപയുടെ കൃഷി നശിപ്പിക്കാൻ തുടങ്ങി. ഇതോടെയാണ് പ്രതിഷേധ പ്രകടനങ്ങളുമായി കർഷകർ രം​ഗത്തെത്തിറങ്ങിയത്. ബജറ്റിന്റെ അടിസ്ഥാനത്തിൽ ഗ്രാമീണ മേഖലയിൽ 276 കോടി രൂപയും നഗരമേഖലയിൽ 200 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. മദ്യത്തിന് മേലുള്ള സെസിലൂടെ 167 കോടി വേറെയും ഗോസംരക്ഷണത്തിനായി യോഗി സര്‍ക്കാര്‍ കണ്ടെത്തുന്നുണ്ട്. 

click me!