
ഛത്തീസ്ഗഡ്: വരുന്ന ലേക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് നല്‍കില്ലെന്ന പ്രഖ്യാപനവുമായി 13 കര്‍ഷക സംഘടനകള്‍ രംഗത്ത്. കണ്‍സോഷ്യം ഓഫ് ഇന്ത്യന്‍ ഫാമേഴ്സ് അസോസിയേഷനാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കർഷകരെ വഞ്ചിച്ചവരാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറെന്നും അസോസിയേഷൻ ആരോപിച്ചു.
'2019-ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യില്ലെന്ന് 13 കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു കഴിഞ്ഞു. ഒപ്പം രാജസ്ഥാനിലും മധ്യപ്രദേശിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയുടെ കീഴില്‍ മത്സരിക്കുന്നവര്‍ക്കും വോട്ട് ചെയ്യില്ല..'സിഐഎഫ്എ പ്രസിഡന്റ് സത്നാം സിങ് ബെഹ്റു പറഞ്ഞു. ചത്തീസ്ഗഡിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങൾ എടുത്തിരിക്കുന്ന ഈ തീരുമാനം ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് നേട്ടമുണ്ടാകുന്നതിന് വേണ്ടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് അല്ലെങ്കിൽ ബിജെപി ഒഴികെയുള്ള ഏതെങ്കിലും പാർട്ടിക്ക് വോട്ടു ചെയ്യാനാണ് ഞങ്ങൾ കർഷകരോട് ആഹ്വാനം ചെയ്തിരിക്കുന്നത്. കർഷകരോട് വഞ്ചന കാണിച്ച ബിജെപിയെ ഒരു പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം- സാത്നാം കൂട്ടിച്ചേർത്തു. 2014ലെ തെരഞ്ഞെടുപ്പിൽ സ്വാമി നാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുമെന്ന് ബിജെപി വാക്കു നൽകിയിരുന്നുവെങ്കിലും ഇതുവരെയും അത് നടപ്പിലാക്കുവാൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗോതമ്പിന്റെ മിനിമം താങ്ങുവില വെറും 105 രൂപ വര്‍ധിപ്പിച്ചുകൊണ്ട് കേന്ദ്ര സർക്കാർ കര്‍ഷക സമൂഹത്തോട് ക്രൂരതയാണ് കാണിച്ചതെന്നും സാത്നാം കുറ്റപ്പെടുത്തുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam