ഫാദര്‍ ആല്‍ബിന്‍റെ മരണം; വിശദമായ അന്വേഷണം നടത്തും

By Web TeamFirst Published Dec 15, 2018, 12:35 AM IST
Highlights

ബുധനാഴ്ച വൈകീട്ട് 7 മണിക്കാണ് ഫാദർ ആല്‍ബിനെ പള്ളിമേടയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ആൽബിൻ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു

തിരുവനന്തപുരം വേറ്റിക്കോണം മലങ്കര കാത്തോലിക്ക് പള്ളി വികാരി ഫാദർ ആൽബിന്‍റെ മരണത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനു പിന്നാലെയാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. അതേ സമയം ആല്‍ബിന്‍റേത് തൂങ്ങി മരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടർമാർ നൽകിയ പ്രാഥമിക വിവരം.

ബുധനാഴ്ച വൈകീട്ട് 7 മണിക്കാണ് ഫാദർ ആല്‍ബിനെ പള്ളിമേടയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ആൽബിൻ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മ‍ൃതദേഹം പോസ്റ്റ്മേര്‍ട്ടത്തിന് കൊണ്ടുപോകുന്നതിനിടെ നാട്ടുകാരും വിശ്വാസികളും പൊലീസിനെ തടഞ്ഞിരുന്നു. പിന്നീട് ഉന്നത ഉദ്യോഗസ്ഥരെത്തിയാണ് പ്രശ്നം പരിഹരിച്ചത്.

നേരത്തെ ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നു ഫാദര്‍ ആല്‍ബിന്‍. അപകടത്തിൽ ഫാദറിൻറെ കാറ് പൂർണ്ണമായും തകർന്നിരുന്നു. ഗുരുതര പരിക്ക് ഇല്ലെങ്കിലും അപകട ശേഷം ഫാദര്‍ അസ്വസ്ഥനായിരുന്നുവെന്നാണ് സമീപവാസികളിൽ നിന്നും പൊലീസിന് കിട്ടിയ വിവരം. ഫോറൻസിക് ഉദ്യോഗസ്ഥർ എത്തി വിശദമായ തെളിവെടുപ്പു നടത്തി. ശരീരത്തിൽ മുറിവുകൾ ഇല്ലെന്നാണ് പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിന് നൽകിയ വിവരം. മരണം നടന്ന ദിവസം ആരെല്ലാം പള്ളിയിൽ എത്തിയെന്ന് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

click me!