
തെലങ്കാനയിലെ ജഗത്യാല്‍ ജില്ലാ പൊലീസ് സൂപ്രണ്ട് സിന്ധു ശര്‍മ്മ മുന്നിലേക്ക് വന്നപ്പോള്‍, ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എ.ആര്‍ ഉമാമഹേശ്വര ശര്‍മ്മ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്. കണ്ട് നിന്നവർക്ക് അത് പ്രോട്ടോകോളിന്‍റെ ഭാഗമായ കീഴ്വഴക്കങ്ങില്‍ ഒന്ന് മാത്രം. എന്നാല്‍ സല്യൂട്ട് ചെയ്ത ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എ.ആര്‍ ഉമാമഹേശ്വര ശര്‍മ്മയ്ക്കോ, സല്യൂട്ട് സ്വീകരിച്ച ജില്ലാ പൊലീസ് സൂപ്രണ്ട് സിന്ധു ശര്‍മ്മയ്ക്കോ അത് അങ്ങനെയായിരുന്നില്ല. അവര്‍ക്കത് അഭിമാനത്തിന്‍റെ നിമിഷമായിരുന്നു.
തെലങ്കാനയിലെ ജഗത്യാല്‍ ജില്ലയിലാണ് സംഭവം. അവിടുത്തെ പൊലീസ് സൂപ്രണ്ട് സിന്ധു ശര്‍മ്മയ്ക്കാണ് പിതാവായ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എ.ആര്‍ ഉമാമഹേശ്വര ശര്‍മ്മ സല്യൂട്ട് നല്‍കി സ്വീകരിച്ചത്. മൂന്ന് ദശകത്തിലേറെയായി പൊലീസ് സര്‍വ്വീസിലുളള ഉമാമഹേശ്വര ശര്‍മ്മയുടെ മകള്‍ സിന്ധു ശര്‍മ്മ സര്‍വ്വീസില്‍ കയറിയിട്ട് നാല് വര്‍ഷമായിട്ടുള്ളൂ.
എന്നാല്‍ ഇന്നലെ ഹൈദരാബാദിലെ ഉള്‍പ്രേദശമായ കൊങ്ങര കലാനില്‍ തെലങ്കാന രാഷ്ര്ടീയ സമിതി യുടെ പൊതുയോഗ സ്ഥലത്ത് ഔദ്യോഗിക ജോലിക്കെത്തിയപ്പോഴാണ് അച്ഛനും മകളും പോലീസ് യൂണിഫോമില്‍ മുഖാമുഖം കണ്ടത്. മുന്നില്‍ നില്‍ക്കുന്നത് മകളാണെന്നല്ല, മറിച്ച് ജില്ലാ പോലീസ് സൂപ്രണ്ട് സിന്ധു ശര്‍മ്മയാണ്, ഡി സി പി കടമ മറന്നില്ല, കൊടുത്തു നീട്ടി ഒരു സല്യൂട്ട്. നിലവില്‍ ഉമാമഹേശ്വര ശര്‍മ്മ രചകൊണ്ട പൊലീസ് കമ്മീഷണറേറ്റിന് കീഴിലെ മാല്‍കാജ്ഗിരിയിലെ ഡിസിപിയാണ്. അടുത്ത വര്‍ഷം ശര്‍മ്മ വിരമിക്കും. അദ്ദേഹത്തിന്‍റെ മകള്‍ സിന്ധു ശര്‍മ്മ 2014 ബാച്ചില്‍ ഐ പി എസ് നേടിയാണ് പൊലീസ് സൂപ്രണ്ടായത്.
മകളോടൊത്ത് ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണെന്ന് ഉമാമഹേശ്വര ശര്‍മ്മ പറഞ്ഞു. പൊതുസമ്മേളനത്തില്‍ സ്ത്രീകളുടെ സുരക്ഷയായിരുന്നു സിന്ധുവിന്‍റെ ചുമതല.
ഇത് നല്ലൊരവസരമായിരുന്നു. അച്ഛനോടൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നായിരുന്നു എസ് പി സിന്ധു ശര്‍മ്മയുടെ മറുപടി. സബ് ഇന്‍സ്‌പെക്ടറായി കരിയര്‍ ആരംഭിച്ച ഉമാമഹേശ്വര ശര്‍മ്മയ്ക്ക് അടുത്തിടെയാണ് ഐ പി എസ് കണ്‍ഫര്‍മേഷന്‍ കിട്ടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam