കോണ്‍ഗ്രസില്‍ വീണ്ടും കലഹം; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു മുരളീധരനും സതീശനും

By Asianet NewsFirst Published Jul 16, 2016, 4:20 AM IST
Highlights

കോഴിക്കോട്: ദില്ലിയിലെ വെടിനിര്‍ത്തല്‍ നിര്‍ദേശത്തിന് അല്‍പായുസേ ഉണ്ടായിരുന്നുള്ളൂവെന്നതു വ്യക്തമാക്കി കോണ്‍ഗ്രസില്‍ വീണ്ടും കലഹം. വി.എം. സുധീരനെ ലാക്കാക്കി കെ. മുരളീധരനും വി.ഡി. സതീശനും പരസ്യവിമര്‍ശനം നടത്തി. മേല്‍ത്തട്ടിലുള്ളവര്‍ക്കു സ്വന്തം കസേരയെക്കുറിച്ച് ആശങ്കയാണെന്നു കെ. മുരളീധരന്‍ പരിഹസിച്ചു. കെപിസിസി നേതൃത്വത്തിന് ഔചിത്യമില്ലെന്നു വി.ഡി സതീശന്‍ തുറന്നടിച്ചു.

ദില്ലിയില്‍ രാഹുല്‍ഗാന്ധി മുന്‍കൈയെടുത്തു നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ ചുടാറും മുമ്പാണു വി.ഡി. സതീശനും കെ. മുരളീരനും വി.എം. സുധീരനെതിരെ ഒളിയമ്പെയ്തത്.  കുറ്റിച്ചൂലുകളെ മല്‍സരിപ്പിച്ചു പിന്നീട് തോല്‍വിയുടെ പേരില്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയാണു നേതൃത്വമെന്നു മുരളീധരന്‍ പറഞ്ഞു.
 
വി.ഡി. സതീശന്‍ ഒരു പടി കൂടെ കടന്നു കെപിസിസി പ്രസിഡണ്ടിനെ പേരെടുത്തു പറയാതെ ആക്രമിച്ചു. അഴിമതിയുടെ മുഖമായിരുന്നു കോണ്‍ഗ്രസിനെന്നു  പറഞ്ഞ് ഉമ്മന്‍ചാണ്ടിക്കും കൊടുത്തു കൊട്ട്.
 
അഴിമതിയും ഗ്രൂപ്പും, മതേതരനിലപാടില്‍ കേരളത്തിലെ കോണ്‍ഗ്രസ് വെള്ളം ചേര്‍ത്തതും ചൂണ്ടിക്കാട്ടിയായിരുന്നു ഇരു നേതാക്കളുടെയും വിമര്‍ശനം.  കോണ്‍ഗ്രസില്‍ വി.എം. സുധീരനെ ലക്ഷ്യമിട്ടു നടക്കുന്ന നീക്കം ശക്തമാകുന്നതിന്റെ സൂചനകളാണു മുരളീധരനും വി.ഡി. സതീശനും നല്‍കിയത്.

കേന്ദ്ര നേതൃത്വം  അടിച്ചേല്പിച്ച ഒത്തുതീര്‍പ്പു ഫോര്‍മുലയ്‌ക്കെതിരെയുള്ള കലാപമായും ഇതിനെ കാണാം. എ ഗ്രൂപ്പിന്റെ പിന്തുണയോടെയാണു സതീശന്റെ നീക്കമെന്നാണു സൂചന. ഹൈക്കമാന്റിനെ ശ്രദ്ധ വീണ്ടും കേരളത്തിലേക്കു ക്ഷണിക്കാനുള്ള ഈ നീക്കം തുടരുമെന്നാണു സൂചന.

click me!