
തിരുവനന്തപുരം: തിരുവനന്തപുരം മണ്‍വിള ഫാമിലി പ്ലാസ്റ്റിക്സ് ഗോഡൗണില്‍ വന്‍ തീപിടുത്തം. അഗ്നിശമന സേന സ്ഥലത്തെത്തി തീയണക്കാനുളള ഊര്‍ജ്ജിത ശ്രമം നടത്തുന്നു. എന്നാല്‍ തീ ഇതുവരെ നിയന്ത്രിക്കാനായിട്ടില്ല . അഗ്നിബാധ തടയാന്‍ വെള്ളം ഒഴിക്കുന്നത് ഫലം കാണുന്നില്ല. ഒന്നര മണിക്കൂര്‍ കഴിഞ്ഞും തീ പടരുന്ന സാഹചര്യമാണുള്ളത്. നിര്‍മ്മാണയൂണിറ്റും ഗോഡൗണും പൂര്‍ണമായും കത്തിയമര്‍ന്നു. അടുത്തുള്ള ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കെട്ടിടത്തിനും തീപിടിച്ചു. പൊലീസിന്‍റെ നിര്‍ദ്ദേശ പ്രകാരം സമീപവാസികളെ ഒഴിപ്പിച്ചു. ഫാക്ടറിയിൽ തുടർ സ്ഫോടനങ്ങളും നടക്കുന്നതാണ് തീയണക്കുന്നതിന് തടസമാകുന്നത്.
സംഭവ സ്ഥലത്തേക്ക് വിമാനത്താവളത്തില്‍ നിന്നും ഫയര്‍ എഞ്ചിനുകള്‍ പുറപ്പെട്ടു. അതേസമയം, വിഷപുക ശ്വസിച്ച് രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയറാം രഘു, ഗിരീഷ് എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മന്ത്രി കടകംപള്ളി സുരേന്ദ്രനും മേയറും സ്ഥലത്തെത്തി. ജില്ലാ പൊലീസ് കമ്മീഷണര്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നു. സംഭവസ്ഥലത്ത് ജില്ലയിലെ എല്ലാ ഫയർ സ്റ്റേഷനുകളിൽ നിന്നും ഫയർ എഞ്ചിൻ എത്തിയിട്ടുണ്ട്. ഫാക്ടറിയിലെ തൊഴിലാളികളെല്ലാം സുരക്ഷിതരെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയുടെ വേദി തകര്‍ന്നു. തീപിടിത്തം ഉണ്ടായ ഗോഡൗണിന് സമീപമായിരുന്നു വേദി. നാളെയായിരുന്നു മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടി നിശ്ചയിച്ചിരുന്നത്.
വൈകുന്നേരം ഏഴ് മണിയോടെ ആയിരുന്നു ഗോഡൗണിന് തീപിടിച്ചത്. രണ്ട് ദിവസം മുമ്പും ഇതേ ഗോഡൗണില്‍ തീപിടിച്ചിരുന്നു. അഞ്ചിലധികം ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് അന്ന് തീ അണച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam