'ആദ്യം ക്ഷേത്രം പിന്നെ സര്‍ക്കാര്‍'; പുതിയ മുദ്രാവാക്യവുമായി ശിവസേന

By Web TeamFirst Published Nov 19, 2018, 11:12 AM IST
Highlights

'ഓരോ ഹിന്ദുവിനും മുന്നോട്ടുവയ്ക്കാനുള്ള ഡിമാന്‍ഡ് ഇതാണ്. ആദ്യം ക്ഷേത്രം പിന്നെ സര്‍ക്കാര്‍'- ശിവസേന മേധാവി ഉദ്ധവ് താക്കറെ പറഞ്ഞു. വരുന്ന 24, 25 തീയ്യതികളില്‍ അയോധ്യ സന്ദര്‍ശിക്കാനൊരുങ്ങുകയാണ് ഉദ്ധവ് താക്കറെ

മുംബൈ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിന്റെ ഭാഗമായി പുതിയ മുദ്രാവാക്യവുമായി ശിവസേന. 'ആദ്യം ക്ഷേത്രം പിന്നെ സര്‍ക്കാര്‍' എന്ന മുദ്രാവാക്യവുമായാണ് ശിവസേന രംഗത്തെത്തിയിരിക്കുന്നത്. 

'ഓരോ ഹിന്ദുവിനും മുന്നോട്ടുവയ്ക്കാനുള്ള ഡിമാന്‍ഡ് ഇതാണ്. ആദ്യം ക്ഷേത്രം പിന്നെ സര്‍ക്കാര്‍'- ശിവസേന മേധാവി ഉദ്ധവ് താക്കറെ പറഞ്ഞു. വരുന്ന 24, 25 തീയ്യതികളില്‍ അയോധ്യ സന്ദര്‍ശിക്കാനൊരുങ്ങുകയാണ് ഉദ്ധവ് താക്കറെ. ഇതിന് മുന്നോടിയായി ശിവസേനയുടെ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചനായോഗം നടത്തിയ ശേഷം മാധ്യമങ്ങള്‍ക്ക് വിശദീകരണം നല്‍കുകയായിരുന്നു ഉദ്ധവ് താക്കറെ. 

മഹാരാഷ്ട്രയിലൊട്ടാകെ നവംബര്‍ 24ന് 'മഹാപൂജ' നടത്താന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്ത് സേനയുടെ സാന്നിധ്യമുള്ളയിടങ്ങളിലെല്ലാം പൂജ നടത്താനാണ് തീരുമാനമെന്നും ഉദ്ധവ് താക്കറെ വിശദീകരിച്ചു. 

രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ പേരില്‍ നേരത്തേ ബിജെപിക്കെതിരെ ശിവസേന പരസ്യമായി രംഗത്തെത്തിയിരുന്നു. ബിജെപി വാഗ്ദാനം നല്‍കി വഞ്ചിക്കുകയായിരുന്നുവെന്നും ലോകം മുഴുവന്‍ കറങ്ങുന്ന നരേന്ദ്ര മോദി അയോധ്യയിലേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നുമായിരുന്നു ഉദ്ധവ് താക്കറെ പറഞ്ഞിരുന്നത്. 

എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അയോധ്യ വിഷയം സജീവമാക്കാന്‍ ബിജെപിയും കൂടി മുന്നിട്ടിറങ്ങിയിതോടെ വിഷയത്തില്‍ കൂടുതല്‍ സജീവമാവുകയാണ് ശിവസേനയും. 

click me!