ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം; ഇന്ത്യയില്‍ പ്രതിവര്‍ഷം അരലക്ഷം കുട്ടികള്‍ മരിക്കുന്നു

By Web TeamFirst Published Nov 19, 2018, 10:28 AM IST
Highlights

സെന്റര്‍ ഫോര്‍ ഡിസീസ് ഡൈനമിക്സ് ഇക്കണോമിക്സ് ആന്റ് പോളിസി (സി.ഡി.ഡി.ഇ.പി)യുടെ കണക്കുകളിലാണ് ഈ വിശദാംശങ്ങളുള്ളത്. സാധാരണയായി രോഗങ്ങള്‍ക്ക് കാരണമാകുന്ന ചില ബാക്ടീരിയകള്‍ പോലും വലിയ തോതില്‍ ആന്റി ബയോട്ടിക്കുകള്‍ക്കെതിരെ പ്രതിരോധ ശക്തി (ആന്റിബയോട്ടിക് റെസിസ്റ്റന്‍സ്) നേടിയതായും കണ്ടെത്തിയിട്ടുണ്ട്. 

ദില്ലി: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മൂലം രാജ്യത്ത് പ്രതിവര്‍ഷം 58,000 കുട്ടികള്‍ മരിക്കുന്നുവെന്ന് കണക്കുകള്‍. അമിത ഉപയോഗത്തിലൂടെ രോഗുണുക്കള്‍ മരുന്നുകള്‍ക്കെതിരെ പ്രതിരോധനം നേടുന്നതും മാലിന്യങ്ങള്‍ സംസ്കരിക്കാതെ ജലാശയങ്ങളില്‍ തള്ളുന്നതുകൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങളുമാണ് ഇതിന് കാരണമാവുന്നത്.

സെന്റര്‍ ഫോര്‍ ഡിസീസ് ഡൈനമിക്സ് ഇക്കണോമിക്സ് ആന്റ് പോളിസി (സി.ഡി.ഡി.ഇ.പി)യുടെ കണക്കുകളിലാണ് ഈ വിശദാംശങ്ങളുള്ളത്. സാധാരണയായി രോഗങ്ങള്‍ക്ക് കാരണമാകുന്ന ചില ബാക്ടീരിയകള്‍ പോലും വലിയ തോതില്‍ ആന്റി ബയോട്ടിക്കുകള്‍ക്കെതിരെ പ്രതിരോധ ശക്തി (ആന്റിബയോട്ടിക് റെസിസ്റ്റന്‍സ്) നേടിയതായും കണ്ടെത്തിയിട്ടുണ്ട്. ലോകത്താകമാനം പ്രതിവര്‍ഷം ഏഴ് ലക്ഷത്തോളം ജീവനുകളാണ് ആന്റി ബയോട്ടിക് റെസിസ്റ്റന്റ്സ് വഴി നഷ്ടമാകുന്നത്. ഇതില്‍ 58,000ലധികം കുട്ടികള്‍ ഇന്ത്യയില്‍ മാത്രം മരിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ശരിയായ വിധത്തില്‍ സംസ്കരിക്കാതെ മാലിന്യങ്ങള്‍ ജലാശയങ്ങളില്‍ തള്ളുന്നത് രോഗാണുക്കള്‍ ആന്റി ബയോട്ടിക്കുകളില്‍ നിന്ന് പ്രതിരോധം നേടാന്‍ കാരണമാകുമെന്ന് നേരത്തെ തന്നെ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2000 മുതല്‍ 2015 വരെയുള്ള വര്‍ഷങ്ങളില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ആന്റി ബയോട്ടിക് ഉപയോഗം 65 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ ഇന്ത്യയില്‍ 114 ശതമാനമാണ് വര്‍ദ്ധിച്ചത്.

ഇന്ത്യയിലെ ആന്റിബയോട്ടിക് ഉപയോഗം 103 ശതമാനത്തോളം വര്‍ദ്ധിക്കുകയാണെന്നും ഇത് കാരണം അസുഖങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗിക്കാനുള്ള മരുന്നുകള്‍ കുറഞ്ഞുവരുന്നതായും സി.ഡി.ഡി.ഇ.പി സൗത്ത് ഏഷ്യ തലവന്‍ ജ്യോതി ജോഷി പറഞ്ഞു. ന്യുമോണിയക്കും സെപ്‍സിസിനും കാരണമാകുന്ന 70 ശതമാനം സൂക്ഷ്മ ജീവികളും പല ആന്റിബയോട്ടിക്കുകളും പ്രതിരോധിച്ചു തുടങ്ങിയെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. ആന്റി ബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള നിരവധി മരുന്നുകളാണ് ഇന്ത്യയില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. എന്നാല്‍ ഇവ നിര്‍മ്മിക്കുന്ന ഫാക്ടറികളിലെ മാലിന്യങ്ങള്‍ സംസ്കരിക്കാതെ ജലാശയങ്ങളിലേക്ക് തള്ളുന്നത് അതീവ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നുവെന്നും ജ്യോതി ജോഷി പറഞ്ഞു.

click me!