
തിരുവനന്തപുരം: രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി തിരുവനന്തപുരം ജില്ലയിലെ തീരദേശത്തെ മത്സ്യത്തൊഴിലാളികളും. ഓഖി ദുരന്തം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളാണ് വിഴിഞ്ഞവും പൂന്തുറയും അഞ്ചുതെങ്ങും. തങ്ങൾ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടുകളുമായാണ് ഇവർ ദുരന്തമുഖത്ത് ഓടിയെത്തിയിരിക്കുന്നത്. തിരുവനന്തപുരും ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശമനുസരിച്ചാണ് ഇവരുടെ നീക്കം.
വിഴിഞ്ഞം, പൂന്തുറ, വലിയതുറ, അഞ്ചുതെങ്ങ് തുടങ്ങിയ പ്രദേശങ്ങളിലെ ഇടവകയുടെ മേൽനോട്ടത്തിലാണ് വള്ളങ്ങളും മത്സ്യത്തൊഴിലാളികളും പുറപ്പെട്ടിരിക്കുന്നത്. ഏകദേശം ഇരുപത്തിയാറ് വള്ളങ്ങൾ ഇന്നലെ തന്നെ വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ദുരന്തബാധിത മേഖലകളിലാണ് ഇവർ എത്തിയിരിക്കുന്നത്. ഒരു വളളത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികൾ എന്ന നിലയിലാണ് പോയിരിക്കുന്നത്. അവിടെയെത്തിയതിന് ശേഷം രണ്ട് പൊലീസുകാരുൾപ്പെടെ ഒരു വളളത്തിൽ അഞ്ചു പേരാണ് ഓരോ സ്ഥലത്തും പോകുന്നത്. ഇത്തരത്തിൽ പലയിടങ്ങളിൽ നിന്നായി ഏകദേശം നൂറോളം വള്ളങ്ങൾ ഇങ്ങനെ പോയിട്ടുണ്ടെന്ന് പ്രദേശവാസികളിലൊരാൾ പറയുന്നു.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഇവിടെ നിന്ന് ബോട്ടുകള്‍ പുറപ്പെടാന്‍ തുടങ്ങിയത്. ബോട്ടിൽ ആവശ്യമായ ഡീസൽ നൽകുന്നത് സർക്കാരായിരിക്കും. ദുരന്തമുഖത്ത് എവിടെയായിരുന്നാലും തങ്ങളുടെ സേവനം ഏത് സമയത്തും ആവശ്യപ്പെടാമെന്ന ദേവാലയ അധികൃതരും മത്സ്യത്തൊഴിലാളികളും ഒരേ സ്വരത്തിൽ പറയുന്നു. വരും ദിവസങ്ങളിൽ കൂടുതൽ വള്ളങ്ങളും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തകരായി രംഗത്തിറങ്ങും. ഓഖി ദുരന്തത്തെ അതിജീവിച്ചവരാണിവർ. അതുകൊണ്ട് തന്നെ ഈ പ്രളയത്തിൽ തങ്ങൾക്ക് കാര്യക്ഷമമായി രക്ഷാപ്രവർത്തനം നടത്താൻ സാധിക്കുമെന്ന ആത്മവിശ്വാസം ഇവർ പ്രകടിപ്പിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam