
കൊൽക്കത്ത: കശ്മീരി സ്വദേശിയായ തുണി വിൽപ്പനക്കാരനെ ആക്രമിച്ച അഞ്ചുപേർ ബംഗാളിൽ അറസ്റ്റിലായി. 26 വയസ്സുകാരൻ ജാവേദ് അഹമ്മദ് ഖാനാണ് നാദിയയിലെ തഹേർപുർ ബസാറിൽവെച്ച് മൂന്നു ദിവസം മുൻപ് ക്രൂരമായി അക്രമിക്കപ്പെട്ടത്. പുൽവാമ ഭീകരാക്രമണത്തിന്‍റെ പേരിലായിരുന്നു മർദ്ദനം. ജാവേദിനെ ആക്രമിച്ച അഞ്ചു പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള,മമത ബാനർജിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒമർ അബ്ദുള്ള, പ്രതികളെ പിടികൂടിയതിന് പിന്നാലെ മമത ബാനർജിയെ അഭിനന്ദിക്കുകയും ചെയ്തു.
ബംഗാളിൽ കശ്മീരികൾക്ക് സുരക്ഷിതമായി കഴിയാമെന്നും സുരക്ഷയെക്കുറിച്ച് ഒരു ആശങ്കയും വേണ്ടെന്നും മമത ബാനർജി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി 14ന് പുൽവാമയിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യാ വിരുദ്ധ സന്ദേശം പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് ജാവേദിനെ സംഘം ആക്രമിച്ചത്. ജാവേദ് ഖാൻ എന്ന പേരിലുള്ള ഒരു ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്ന് പോസ്റ്റ് ചെയ്ത ചില ഇന്ത്യാ വിരുദ്ധ കമന്‍റുകൾ പ്രദേശവാസിയായ ഒരാൾ ജാവേദിനെ കാണിക്കുകയും അത് ജാവേദിന്‍റെ പ്രൊഫൈലാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് നിഷേധിച്ച ജാവേദിനെ പ്രദേശത്തുള്ള ചിലർ കൂട്ടം ചേർന്ന് ക്രൂരമായി മർദ്ദിച്ചു.
പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ തുടർന്ന് രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കശ്മീരികൾ ആക്രമണ ഭീഷണി നേരിടുന്നുണ്ട്. നേരത്തെ കൊൽക്കത്തയിൽ കശ്മീരി ഡോക്ടർക്ക് നേരെ ഒരുകൂട്ടം യുവാക്കൾ ഭീഷണി ഉയർത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam