ധാക്കയില്‍ ഭീകരാക്രമണം; 5 പേര്‍ മരിച്ചു, 60 പേരെ അക്രമികള്‍ ബന്ദികളാക്കി

By Web DeskFirst Published Jul 2, 2016, 1:27 AM IST
Highlights

നയതന്ത്ര കാര്യാലങ്ങളുള്ള തന്ത്രപ്രധാന മേഖലയായ ഗുൽഷാനിലെ ഹോലെ ആർട്ടിസാൻ ബേക്കറി എന്ന ഭക്ഷണശാലയിൽ രാത്രി ഒൻപതരയോടെയാണ് ഭീകരാക്രമണം നടന്നത്. തോക്കുധാരികളായ എട്ടംഗ അക്രമിസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷം തുരുതുരാ നിറയൊഴിച്ചു. ഇതുവരെ അഞ്ചുപേർ ആക്രമണത്തിൽ മരിച്ചു. ഇതിൽ രണ്ടുപേർ പൊലീസ് ഉദ്യോഗസ്ഥരാണ്. രണ്ട് നയതന്ത്ര ഉദ്യോഗസ്ഥർ മരിച്ചതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇരുപത് വിദേശികളടക്കം 60 പേരെ അക്രമികൾ ഭക്ഷണശാലക്കുള്ളിൽ ബന്ദികളാക്കി വെച്ചിരിക്കുകയാണ്. 

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഐഎസ് ഭീകരരാണ് പിന്നിലെന്നാണ് സൂചന. ഇന്ത്യൻ ഹൈകമ്മീഷണറും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.  ഭക്ഷണശാല സൈന്യവും പൊലീസും വളഞ്ഞിരിക്കുകയാണ്. എന്നാൽ ബന്ദികളുടെ സുരക്ഷയെക്കരുതി സൈനിക നടപടി തുടങ്ങിയിട്ടില്ല. ഭീകരർ സംസാരിക്കാൻ കൂട്ടാക്കുന്നില്ലെന്ന് റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ ഡയറക്ടർ ജനറൽ ബേനസീർ അഹമ്മദ് പറഞ്ഞു. ബന്ദികളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.

click me!