Latest Videos

വിമാനത്തിനു വേണ്ടി തെരച്ചില്‍ തുടരുന്നു

By Web DeskFirst Published Jul 22, 2016, 6:18 PM IST
Highlights

ചെന്നൈ: ബംഗാൾ ഉൾക്കടലിന് മുകളിൽ കാണാതായ വ്യോമസേനയുടെ എ എൻ 32  വിമാനത്തിനു വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുന്നു.

അർദ്ധരാത്രിയും നീണ്ട തിരച്ചിലിൽ വ്യോമ, നാവികസേനകളും കോസ്റ്റ് ഗാർഡും സംയുക്തമായാണ് പങ്കെടുക്കുന്നത്. കേന്ദ്രപ്രതിരോധമന്ത്രി മനോഹർ പരീക്കർ  രക്ഷ‌ാപ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കാനും മേൽനോട്ടം വഹിയ്ക്കാനുമായി രാവിലെയോടെ ചെന്നൈയിലെത്തും.
വ്യോമസേനാ എയർ മാർഷൽ അരൂപ് രാഹ ഇന്നലെ രാത്രിയോടെ ചെന്നൈ താംബരത്തുള്ള വ്യോമസേനാ ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. വിവിധ സേനാ, അർദ്ധസൈനിക വിഭാഗങ്ങളുടെ വൻ സന്നാഹമാണ് കാണാതായ വിമാനത്തിനു വേണ്ടി ബംഗാൾ ഉൾക്കടലിൽ തെരച്ചിൽ നടത്തുന്നത്.

നാവികസേനയുടെ പന്ത്രണ്ട് കപ്പലുകളും കോസ്റ്റ് ഗാർഡിന്റെ അഞ്ച് കപ്പലുകളും തെരച്ചിൽ തുടരുകയാണ്. ഇതിനൊപ്പം വ്യോമസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും രണ്ട് വീതവും നാവികസേനയുടെ നാലും വിമാനങ്ങൾ തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. ഇവയിൽ രണ്ടെണ്ണം ഡ്രോണിയർ വിമാനങ്ങളാണ്.

ചെന്നൈയിൽ നിന്നുള്ള പ്രാദേശികമത്സ്യത്തൊഴിലാളികളുടെ 12 ഹൈസ്പീഡ് ബോട്ടുകളും തെരച്ചിലിന് സഹായം നൽകുന്നുണ്ട്. രാജ്യത്തെ ആദ്യ ബോയിംഗ് വിഭാഗത്തിൽ പെടുന്ന പി 81 വിമാനം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

29 യാത്രക്കാരുമായി ചെന്നൈയിൽ നിന്ന് പോർട് ബ്ലയറിലേയ്ക്ക് പോയ വിമാനം പിന്നീട് കാണാതാവുകയായിരുന്നു. യാത്രക്കാരിൽ ഒമ്പത് പേർ വിശാഖപട്ടണത്തു നിന്നുള്ളവരാണ്. കാണാതായ വിമാനത്തിലുണ്ടായിരുന്ന എല്ലാവരുടെയും കുടുംബാംഗങ്ങളെ വിവരമറിയിച്ചതായി പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

click me!