
പത്തനംതിട്ട: കക്കി ആനത്തോട്, കൊച്ചുപമ്പ അണക്കെട്ടുകളുടെ ഷട്ടർ വീണ്ടും തുറന്നതോടെ പമ്പ ത്രിവേണിയിൽ വെള്ളം കയറി. തീർഥാടകർക്ക് ശബരിമലയിലേക്ക് യാത്ര ചെയ്യാനാകാത്ത സ്ഥിതിയാണിപ്പോൾ. കക്കി ഡാമിലെ ജലനിരപ്പ് 981.1 ആയതോടെ ആനത്തോട് ഡാമിന്‍റെ നാല് ' ഷട്ടറുകളും തുറന്നു.
രണ്ടടി വീതമാണ് ഷട്ടറുകൾ തുറന്നത്. ഇതിനൊപ്പം കൊച്ചുപമ്പാ ഡാമിന്‍റെ ആറ് ഷട്ടറുകളിൽ രണ്ടെണ്ണം ഒരടി വീതവും തുറന്നതോടെയാണ് പമ്പയിൽ വീണ്ടും വെള്ളം കയറിയത്. ത്രിവേണിയിൽ നടപ്പന്തൽ, ആശുപത്രി കെട്ടിടത്തിന്‍റെ ഒന്നാം നില, ദേവസ്വം മെസ് എന്നിവയോടൊപ്പം നിരവധി കടകളും വെള്ളത്തിനടിയിലാണ്. തീർഥാടകർക്ക് പമ്പ ഗണിപതി ക്ഷേത്രത്തിലേക്കും ശബരിമലയിലേക്കും പോകാനാകാത്ത അവസ്ഥയാണുള്ളത്.
15 ന് നിറപുത്തരി ഉത്സവത്തിന് ശബരിമല ക്ഷേത്ര നട തുറക്കാനിരിക്കെ വെള്ളപ്പൊക്കമുണ്ടായത് തീർഥാടകരെ ബാധിക്കുമെന്നുറപ്പായി. പമ്പയിലെ ശൗചാലയങ്ങൾ ഉൾപ്പെടെ ഉപയോഗ ശൂന്യമായിരിക്കുകയാണ്. പമ്പാ നദിയിൽ ഒന്നര മീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാധ്യത ഉണ്ടെന്ന് കെഎസ്ഇ ബി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മൂഴിയാർ ഡാമിന്റെ ഒരു ഷട്ടർ തുറന്നതോടെ കക്കട്ടാറിന് സമീപത്ത് താമസിക്കുന്നവർക്കും ജാഗ്രതാ നിർദേശം നൽകി. പമ്പാ നദിയിൽ വെള്ളമുയരുന്നതോടെ അപ്പർ കുട്ടനാട്, കുട്ടനാട് മേഖലകളിൽ വെള്ളപൊക്കത്തിനുള്ള സാധ്യതയും ഏറി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam