ഇന്ന് ശബരിമലയിൽ പലയിടത്തായി തടഞ്ഞത് നാല് സ്ത്രീകളെ; എല്ലാവരും ഒരു സംഘത്തിലുള്ളവർ

By Web TeamFirst Published Oct 21, 2018, 2:43 PM IST
Highlights

ഇന്ന് ശബരിമലയിൽ പലയിടത്തായി തടഞ്ഞ യുവതികളെല്ലാവരും ഒരേ സംഘത്തിലുള്ളവരെന്ന് പൊലീസ്. ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച് വലിയ ധാരണയില്ലെന്നാണ് നാല് പേരും പൊലീസിനോട് പറഞ്ഞത്. തെലങ്കാനയിലെ ഗുണ്ടൂരിൽ നിന്നാണ് നാൽപതംഗ തീർഥാടകസംഘം എത്തിയത്.

പമ്പ:  ശബരിമലയിൽ അമ്പത് വയസ്സിന് താഴെയുള്ള നാല് യുവതികളെ ഇന്ന് പലയിടത്തായി  ഭക്തർ തടഞ്ഞുവച്ചു. ഇവരെല്ലാവരും ഒറ്റ തീർഥാടകസംഘത്തിൽപ്പെട്ടവരാണ്. തെലങ്കാനയിലെ ഗുണ്ടൂർ ജില്ലയിൽ നിന്ന് വന്നവരാണ് ഇവരെല്ലാവരും എന്നാണ് സൂചന. ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച് വലിയ അറിവില്ലായിരുന്നുവെന്നാണ് ഇവരെല്ലാവരും പൊലീസിനോട് പറഞ്ഞത്. ഇവരിൽ ഒരാളെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു.
 
രാവിലെ ഒമ്പതേമുക്കാലോടെയാണ് വാസന്തി, ആദിശേഷി എന്നീ രണ്ട് സ്ത്രീകൾ പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്ക് മല കയറാൻ തുടങ്ങിയത്. എന്നാൽ അമ്പത് മീറ്റർ മുന്നോട്ട് പോയപ്പോഴേയ്ക്ക് ഒരു സംഘമാളുകൾ ചുറ്റുംകൂടി ശരണം വിളി തുടങ്ങി.  തെലുങ്ക് മാത്രമറിയാവുന്ന  ഇവ‍ർക്ക് പ്രതിഷേധക്കാർ പറയുന്നതൊന്നും മനസ്സിലായില്ല. തുടർന്ന് പൊലീസെത്തി ഇവരെ ഗാർഡ് റൂമിലേയ്ക്ക് മാറ്റി. ഇവർക്ക് നാൽപ്പത്തി രണ്ടും നാൽപ്പത്തിയഞ്ചുമായിരുന്നു പ്രായം. സംരക്ഷണം ആവശ്യമെങ്കിൽ തരാമെന്നും എന്നാൽ എതിർപ്പുണ്ടാകുമെന്നും പൊലീസ് അറിയിച്ചതോടെ ഇവർ മല കയറുന്നതിൽ നിന്ന് പിൻമാറി. ഇവരെ പൊലീസ് സംരക്ഷണത്തോടെ ജീപ്പിൽ കയറ്റി താഴെ പമ്പയിലെത്തിച്ച് തിരിച്ചയച്ചു.
 
മരക്കൂട്ടത്ത് വച്ചാണ് മറ്റൊരു സ്ത്രീയെ പ്രതിഷേധക്കാർ തടഞ്ഞത്. ഡോളിയിൽ കയറി വന്നതിനാൽ ഇവർക്ക് പ്രായം കുറവാണെന്ന് ആദ്യം മനസ്സിലായില്ലെന്ന് തടഞ്ഞവർ പറഞ്ഞു. തുടർന്ന് പൊലീസെത്തി ഇവരോട് പ്രായം തിരക്കി. ഐഡി കാർഡ് പരിശോധിയ്ക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാർ ഇവർക്ക് മുന്നിൽ കിടന്നും ശരണം വിളിച്ചും പ്രതിഷേധിച്ചതിനെത്തുടർന്ന് ഇവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. തുടർന്ന് ആംബുലൻസിൽ ഇവരെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.
 
പമ്പയിൽ വച്ചാണ് നാലാമത്തെ സ്ത്രീയെ പ്രതിഷേധക്കാർ തടഞ്ഞത്. ശരണം വിളികളുമായി ഇവരുടെ ചുറ്റും ആളുകൾ കൂടിയതോടെ പൊലീസുകാരെത്തി ഇവരെയും സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി.
click me!