ലോകം കാത്തിരിക്കുന്ന ഫ്രാന്‍സ്-ബെല്‍ജിയം പോരാട്ടം; ഫ്രാന്‍സിനെ അസ്വസ്ഥമാക്കുന്ന കണക്കുകള്‍ ഇങ്ങനെ

By Web DeskFirst Published Jul 9, 2018, 3:31 PM IST
Highlights
  • 2015 ല്‍ നടന്ന അവസാന പോരാട്ടത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബെല്‍ജിയം ജയിച്ചു

മോസ്കോ; ലോകകപ്പിലെ ഏറ്റവും ആവേശകരമായ സെമിപോരാട്ടത്തില്‍ നാളെ ഫ്രാന്‍സ് ബെല്‍ജിയത്തെ നേരിടാനൊരുങ്ങുകയാണ്. സമകാലിക ഫുട്ബോളില്‍ രണ്ട് കൂട്ടരും കരുത്തരാണെങ്കിലും ചരിത്രത്തില്‍ ഒരു കിരീടം നേടിയിട്ടുള്ളതിനാല്‍ ഫ്രാന്‍സിനെയാണ് വന്‍ ശക്തിയായി പലരും പരിഗണിക്കുന്നത്.

എന്നാല്‍ പരസ്പരം പോരടിച്ചതിന്‍റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഫ്രഞ്ച് പട അസ്വസ്ഥമാകുമെന്നുറപ്പാണ്. ലോകകപ്പിലും അല്ലാതെയുമായി 73 തവണയാണ് ഇവര്‍ മുഖാമുഖം വന്നിട്ടുള്ളത്. ഇവിടെയാണ് ബെല്‍ജിയത്തിന് ഫ്രാന്‍സിനുമേല്‍ വിജയ ചരിത്രമാണുള്ളതെന്ന് വ്യക്തമാകുന്നത്. 73 ല്‍ 30 തവണയും ബെല്‍ജിയമാണ് വിജയകൊടി നാട്ടിയത്. ഫ്രാന്‍സ് 24 തവണ ജയിച്ചുകയറിയപ്പോള്‍ 19 മത്സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.

അതേസമയം ലോകകപ്പിന്‍ രണ്ട് വട്ടമാണ് ഇവര്‍ പോരടിച്ചിട്ടുള്ളത്. രണ്ട് തവണയും വിജയം ഫ്രാന്‍സിനൊപ്പമായിരുന്നു എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ഇതാണ് ഫ്രാന്‍സിന് ആശ്വാസമേകുന്ന ഘടകം. 1938 ലോകകപ്പിന്‍റെ ആദ്യ റൗണ്ടില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രഞ്ച് പട വിജയിച്ചത്. 1986 ല്‍ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള ഏറ്റുമുട്ടലില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ജയിച്ചത്.

അടുത്തിടെ നടന്ന 11 മത്സരങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്പോഴും ഫ്രാന്‍സിന് തന്നെയാണ് മുന്‍തൂക്കം. 11 ല്‍ 5 വിജയം ഫ്രാന്‍സ് നേടിപ്പോള്‍ ബെല്‍ജിയത്തിന് മൂന്ന് തവണയാണ് ജയിക്കാനായത്. പക്ഷെ ഏറ്റവും ഒടുവില്‍ നടന്ന പോരാട്ടത്തില്‍ വിജയിക്കാനായി എന്നതാണ് ബെല്‍ജിയത്തിന് ആത്മവിശ്വാസം നല്‍കുന്ന ഘടകം. 2015 ല്‍ നടന്ന അവസാന പോരാട്ടത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബെല്‍ജിയം ജയിച്ചത്.

click me!