
സെയ്ന്‍റ് പീറ്റേര്‍സ്ബര്‍ഗ്: ലോകകപ്പില്‍ നിർണായക ഘട്ടത്തിൽ ബെൽജിയത്തിന്‍റെ സുവർണ തലമുറ വീണ്ടും മികവുകളെല്ലാം മറന്നു. തന്ത്രങ്ങൾ ഫലപ്രദമായി നടപ്പാക്കിയ ഫ്രാൻസ് ജയം സ്വന്തമാക്കുകയും ചെയ്തു. 1998ൽ ഫ്രാൻസ് ആദ്യമായി ലോകകപ്പ് നേടുമ്പോൾ ടീമിലെ ഹോൾഡിംഗ് മിഡ്ഫീൽഡറായിരുന്നു നായകന്‍ കൂടിയായ ദിദിയർ ദെഷാംസ്.
പരിശീലകന്‍റെ കുപ്പായത്തിലേക്ക് ചേക്കേറിയപ്പോഴും ആ മനസ്സിന് മാറ്റമില്ല. കാണികളെ രസിപ്പിക്കുന്നതിനേക്കാൾ പ്രാധാന്യം ജയിക്കുക എന്നതിനുമാത്രം. ബെൽജിയം 60 ശതമാനത്തിൽ ഏറെ സമയം പന്ത് കൈവശം വച്ചിട്ടും ഫ്രാൻസ് ജയിച്ചുകയറിയത് ദെഷാംസിന്‍റെ പ്രായോഗികവാദ തന്ത്രത്തിലൂടെയാണ്. പ്രത്യാകമണങ്ങളായിരുന്നു ഫ്രഞ്ച്നിരയിൽ ഏറെയും.
ഡെഡ്ബോൾ ഗോളിലൂടെ ഉംറ്റീറ്റി മുന്നിൽ എത്തിച്ചതോടെ, ബെൽജിയത്തെ തിരിച്ച് അടിക്കാൻ അനുവദിക്കാതിരിക്കുക എന്നതായി ലക്ഷ്യം. വരാനേയും ഉറ്റിറ്റിയും ഉറച്ചുനിന്നു. ഡിബ്രൂയിനും ലുക്കാക്കുവിനും സ്വാതന്ത്ര്യം നൽകിയില്ല. കുതിച്ചുപാഞ്ഞ ഹസാർഡിനെ ബോക്സിനകത്തേക്ക് കയറ്റാതെനോക്കി. ഗോളി ഹ്യൂഗോ ലോറിസിന്‍റെ മികവു കൂടിയായപ്പോൾ ദെഷാംസിന്‍റെ കണക്കുകൂട്ടലുകളെല്ലാം കൃത്യമായി.
മറുവശത്ത് റോബർട്ടോ മാർട്ടിനസിന്‍റെ ബെൽജിയം പ്ലാൻ ആദ്യമായി തകിടംമറിഞ്ഞു. 2016 സെപ്റ്റംബർ മുതലുള്ള 24 മത്സരത്തിന് ശേഷം ബെൽജിയത്തിന്‍റെ ആദ്യതോൽവി. ഫ്രാൻസിനെതിരെ നിരായുധരായ ഡിബ്രൂയിനും ലുകാക്കുവിനും ഹസാർഡിനുമെല്ലാം റഷ്യയിൽ ആശ്വാസത്തിനായി ഒരവസരംകൂടിയുണ്ട്. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam