
നോവ്ഗ്രോഗോഡ്: ഫ്രഞ്ച് വീര്യത്തിന് മുന്നില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ലാറ്റിനമേരിക്കന്‍ കരുത്ത് തകര്‍ന്നപ്പോള്‍ ദിദിയര്‍ ദെഷാംപ്സും കുട്ടികളും ലോകകപ്പിന്‍റെ സെമിയില്‍. ഫ്രാന്‍സിന്‍റെ യുവരക്തത്തിനു മുന്നില്‍ പഠിച്ചെടുത്ത അടിതടകള്‍ ഒന്നും ഫലിക്കാതെ വന്നപ്പോള്‍ പുലിയായി വന്ന ഉറുഗ്വെ കളത്തില്‍ പൂച്ച കുട്ടിയായി മാറുകയായിരുന്നു. ഇരുപകുതികളിലുമായി റാഫേല്‍ വരേന്‍, ആന്‍റോണിയോ ഗ്രീസ്മാന്‍ എന്നിവരാണ് ഫ്രാന്‍സിന് വേണ്ടി ഗോള്‍ നേടിയത്. എഡിസണ്‍ കവാനിയില്ലാതെയിറങ്ങിയ ഉറുഗ്വെയ്ക്ക് ഒരു ഗോള്‍ പോലും നേടിയെടുക്കാനായില്ല.
വരേന്‍റെ തലപ്പൊക്കം
അര്‍ജന്‍റീനയെ തോല്‍പ്പിച്ചതിന്‍റെ ആവേശവുമായെത്തിയ ഫ്രാന്‍സിനെ ഞെട്ടിക്കുന്ന പ്രകടനമാണ് ആദ്യ മിനിറ്റുകളില്‍ ഉറുഗ്വെ പുറത്തെടുത്തത്. നായകന്‍ ഡീഗോ ഗോഡിന്‍റെയും ഗിമിനെസന്‍റെയും പ്രതിരോധം തകര്‍ത്ത് മുന്നേറാന്‍ ഗ്രീസ്മാനും സംഘത്തിനും സാധിച്ചില്ല. 15-ാം മിനിറ്റില്‍ ഫ്രഞ്ച് പടയ്ക്ക് ആദ്യ അവസരം കെെവന്നു.
പവാര്‍ഡിന്‍റെ ക്രോസ് ജിരുദ് എംബപെയ്ക്ക് മറിച്ച് നല്‍കി. പക്ഷേ, ഫ്രാന്‍സിന്‍റെ യുവതാരത്തിന് കൃത്യമായി ഹെഡ‍് ചെയ്യാന്‍ സാധിച്ചില്ല. പതിയെ ദെശാംപ്സിന്‍റെ കുട്ടികള്‍ കളത്തിലേക്ക് തിരിച്ചുവരുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പോള്‍ പോഗ്ബയുടെ ബുദ്ധിയില്‍ വിരിഞ്ഞ നീക്കങ്ങളായിരുന്നു ലോറിസിന്‍റെയും സംഘത്തിന്‍റെയും മുന്നേറ്റങ്ങള്‍ക്ക് പിന്നില്‍.
21-ാം മിനിറ്റില്‍ പോഗ്ബയും എംബാപെയും ഒത്തുച്ചേര്‍ന്നുള്ള മത്സരത്തിലെ മൂന്നാമത്തെ മുന്നേറ്റം ഉറുഗ്വെയന്‍ ബോക്സില്‍ എത്തി. ഗിമിനെസ് നടത്തി രക്ഷാപ്രവര്‍ത്തനം പക്ഷേ ഫലം കണ്ടു. പിന്നീട് പിഎസ്ജി താരത്തിന്‍റെ മുന്നേറ്റങ്ങള്‍ പലകുറിയുണ്ടായെങ്കിലും എംബാപെയുടെ വേഗത്തിനൊപ്പം പിടിച്ചു നില്‍ക്കാണ് ഫ്രഞ്ച് നിരയില്‍ പിടിച്ചു നില്‍ക്കാനായില്ല.
42-ാം മിനിറ്റില്‍ തുടര്‍മുന്നേറ്റങ്ങള്‍ക്ക് ഫലം ലഭിച്ചു. ടൊളിസോയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ആന്‍റോണിയോ ഗ്രീസ്മാന്‍ ബോക്സിന് നടുവിലേക്ക് കൃത്യമായി തൊടുത്തു. ഉറുഗ്വെയന്‍ താരങ്ങളെ കാഴ്ചക്കാരാക്കി ഉയര്‍ന്നു ചാടിയ റാഫേല്‍ വരേന്‍ മുസ്‍ലേരെയെ കാഴ്ചക്കാരനാക്കി പന്ത് വലയിലാക്കി. അതിനുള്ള മറുപടിക്കായി ഗോഡിനും സംഘവും പൊരുതി. ഏകദേശം ഫ്രാന്‍സിന് ലഭിച്ച അതേ സ്ഥലത്ത് നിന്നുള്ള ഫ്രീകിക്ക് ടൊറേയ്റ കൃത്യമായി ഹെഡ് ചെയ്തെങ്കിലും ലോറിസിന്‍റെ കിടിലന്‍ സേവ് ഉറുഗ്വെയുടെ ആദ്യ ഗോള്‍ എന്ന സ്വപ്നത്തെ അകറ്റി.
ദുരന്തമായി മുസ്‍ലേര
രണ്ടാം പകുതിയില്‍ ഫ്രാന്‍സ് കളിയുടെ വേഗം അല്‍പം കുറച്ച് പന്തടക്കത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു ഗോളിന്‍റെ ലീഡ് പരമാവധി മുതലാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ, 56 മിനിറ്റുകള്‍ക്ക് ശേഷം ഉണര്‍ന്ന് കളിച്ച സുവാരസും കൂട്ടരും ഒരു ഗോള്‍ തിരിച്ചടിക്കുന്നതിന്‍റെ സൂചനകള്‍ കാണിച്ചെങ്കിലും എഡിസണ്‍ കവാനിയുടെ വിടവ് അവരുടെ മുന്നേറ്റങ്ങളെ ബാധിച്ചു.
ഉറുഗ്വെ ഗോള്‍കീപ്പര്‍ മുസ്‍ലേരെയുടെ അബദ്ധമാണ് ഫ്രഞ്ച് പടയുടെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്. 61-ാം മിനിറ്റില്‍ പോഗ്ബ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ പന്ത് കിട്ടിയ ഗ്രീസ്മാന്‍ ഷോട്ട് എടുത്തെങ്കിലും ഉറുഗ്വെ ഗോള്‍കീപ്പറുടെ കെെപാകത്തിനാണ് ചെന്നത്. അതിനെ നിയന്ത്രിക്കാന്‍ സാധിക്കാതായതോടെ ഷോട്ട് വലയില്‍ കയറി. ഇതോടെ മാനസികമായി ലാറ്റിനമേരിക്കന്‍ ടീം തകര്‍ന്നു.
കളി അല്‍പം പരുക്കനാപ്പോള്‍ റഫറി എംബാപെയ്ക്കും റോഡിഗ്രസിനും മഞ്ഞക്കാര്‍ഡ് നല്‍കി. ഉറുഗ്വെ മുന്നേറ്റത്തെ ബോക്സിനുള്ളില്‍ കടക്കാതെ തടയുന്ന തന്ത്രമാണ് ഫ്രാന്‍സ് കൂടുതലും പ്രയോഗിച്ചത്. ബാഴ്സയിലെ സഹതാരമായ ഉംറ്റിറ്റി സുവാരസിനെ അനങ്ങാന്‍ അനുവദിക്കാതിരുന്നതോടെ ലാറ്റിനമേരിക്കന്‍ മുന്നേറ്റം നനഞ്ഞ പടക്കമായി.
രണ്ടു കൂട്ടരും ലക്ഷ്യത്തിലെത്താത്ത ചില നീക്കങ്ങള്‍ വീണ്ടും നടത്തിയെങ്കിലും മത്സരത്തിന്‍റെ ആവേശം നഷ്ടമായി. 88-ാം മിനിറ്റില്‍ പോഗ്ബയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കില്‍ ഗ്രീസ്മാന്‍റെ കനത്ത ഷോട്ട് മുസ്‍ലേരെയെ ശല്യപ്പെടുത്താതെ അകന്നു. കളിയുടെ അവസാനത്തെ നിമിഷങ്ങള്‍ അടുത്തതോടെ ഉറുഗ്വെ താരങ്ങളുടെ കണ്ണില്‍ നിന്ന് കണ്ണീര്‍ ഒഴുകി. ഒരുപാട് പേരുടെ കണ്ണ് നിറഞ്ഞ ലോകകപ്പില്‍ ഉറുഗ്വെയുടെയും പോരാട്ടങ്ങള്‍ അവസാനിച്ചിരിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam