ഫ്രാൻസിസ് ജോ‍ർജിന് കോട്ടയമോ അതോ പത്തനംതിട്ടയോ; പുതിയ കരുനീക്കങ്ങൾക്കൊരുങ്ങി ഇടത് മുന്നണി

By Web TeamFirst Published Feb 2, 2019, 7:14 AM IST
Highlights

രാഷ്ട്രീയ ചിത്രം മാറുന്നതനുസരിച്ച് പുതിയ കരുനീക്കങ്ങൾക്കൊരുങ്ങുകയാണ് ഇടത് മുന്നണി. മാണി ജോസഫ് അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിൽ കോട്ടയത്ത് ഫ്രാൻസിസ് ജോർജിന് നല്ല ജയസാധ്യത ഉണ്ടെന്നാണ് മുന്നണി നേതൃത്വത്തിന്‍റെ കണക്കൂകൂട്ടൽ

തിരുവനന്തപുരം: ജനാധിപത്യ കേരളാ കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോ‍ർജിനെ കോട്ടയത്തോ, പത്തനംതിട്ടയിലോ മത്സരിപ്പിക്കാൻ ഇടത് മുന്നണിയിൽ ആലോചന. രാഷ്ട്രീയ ചിത്രം മാറുന്നതനുസരിച്ച് പുതിയ കരുനീക്കങ്ങൾക്കൊരുങ്ങുകയാണ് മുന്നണി. മാണി-ജോസഫ് അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിൽ കോട്ടയത്തിനാണ് മുൻഗണനയുള്ളത്.

ഇടുക്കി മുൻ എം പിയായിരുന്നു ഫ്രാൻസിസ് ജോ‍‍ർജിനെ മൽസരിപ്പിച്ച് മദ്ധ്യതിരുവിതാംകൂറിൽ നേട്ടമുണ്ടാക്കാനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. യു ഡി എഫിനൊപ്പമുള്ള കോട്ടയമോ പത്തനതിട്ടയോ പരിണഗിക്കാനുള്ള കാരണവും അതുതന്നെയാണ്.

മദ്ധ്യതിരുവിതാംകൂറിന്‍റെ രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം പരിഗണിക്കുമ്പോൾ ഫ്രാൻസിസ് ജോർജിനെ ഇടത് മുന്നണിയിൽ മത്സരിപ്പിക്കാനുള്ള സാധ്യത തങ്ങൾ കാണുന്നുണ്ടെന്ന് ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്‍റണി രാജു പറഞ്ഞു. ഇടതുമുന്നണി എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്നും ആന്‍റണി രാജു കൂട്ടിച്ചേർത്തു.

കോട്ടയത്ത് കഴി‍ഞ്ഞ തവണ മൽസരിച്ച ജെ ഡി യുവിൽ നിന്ന് സീറ്റ്, സി പി എം ഏറ്റെടുക്കാനായിരുന്നു ഇതുവരെ ആലോചന. എന്നാൽ, മാണി ജോസഫ് അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിൽ കോട്ടയത്ത് ഫ്രാൻസിസ് ജോർജിന് നല്ല ജയസാധ്യത ഉണ്ടെന്നാണ് മുന്നണി നേതൃത്വത്തിന്‍റെ കണക്കൂകൂട്ടൽ.

പഴയ ഇടുക്കി മണ്ഡലത്തിലെ രണ്ട് നിയമസഭാ മണ്ഡലങ്ങൾ കൂടി ഉൾപ്പെട്ട പത്തനംതിട്ടയിലും മുന്നണി ജയസാധ്യത കാണുന്നു. ഇടുതുമുന്നണി അടുത്തയാഴ്ച ഉഭകക്ഷി ചർച്ചകളിലേക്ക് കടക്കുന്നതോടെ വിശദമായ കൂടിയാലോചനകൾ നടക്കും.

click me!