Latest Videos

നെഞ്ചുവേദന: ഫ്രാങ്കോ മുളയ്ക്കല്‍ ഐസിയുവില്‍, 6 മണിക്കൂര്‍ നിരീക്ഷണത്തിലെന്ന് ഡോക്ടര്‍മാര്‍

By Web TeamFirst Published Sep 21, 2018, 11:49 PM IST
Highlights

ഇസിജിയില്‍ വ്യതിയാനം കണ്ടെത്തുകയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം രേഖപ്പെടുത്തുകയും ചെയ്തതോടെ അടുത്ത ആറ് മണിക്കൂര്‍ ബിഷപ്പിനെ നിരീക്ഷണത്തില്‍ വയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

കോട്ടയം: കോട്ടയം പൊലീസ് ക്ലബിലേക്കുള്ള യാത്രയ്ക്കിടെ നെഞ്ചു വേദന അനുഭവപ്പെട്ട ജലന്ധര്‍ മുന്‍ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇസിജിയില്‍ വ്യതിയാനം കണ്ടെത്തുകയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം രേഖപ്പെടുത്തുകയും ചെയ്തതോടെ അടുത്ത ആറ് മണിക്കൂര്‍ ബിഷപ്പിനെ നിരീക്ഷണത്തില്‍ വയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പിന്നീട് തൃപ്പൂണിത്തുറ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു മെഡിക്കല്‍ പരിശോധനകള്‍ നടത്തി. അദ്ദേഹത്തെ കോട്ടയത്തേക്ക് കൊണ്ടു പോയി. കോട്ടയം പൊലീസ് ക്ലബിലെത്തിച്ച് രാത്രിയും ചോദ്യം ചെയ്യാനും പിറ്റേന്ന് പാലാ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കാനുമായിരുന്നു പൊലീസിന്‍റെ പദ്ധതി. 

തൃപ്പൂണിത്തുറ ജനറല്‍ ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം കോട്ടയം പൊലീസ് ക്ലബിലേക്കുള്ള യാത്രാമധ്യേയാണ് ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നെഞ്ചു വേദന ഉണ്ടായത്. തുടര്‍ന്ന് ബിഷപ്പുമായി സഞ്ചരിക്കുകയായിരുന്ന വാഹനവ്യൂഹം കോട്ടയം നഗരത്തിലേക്ക് പ്രവേശിക്കാതെ നേരിട്ട് മെഡിക്കല്‍ കോളേജിലേക്ക് വരികയായിരുന്നു. തൃപ്പൂണിത്തുറ ജനറല്‍ ആശുപത്രിയില്‍ വച്ചു നടന്ന പ്രാഥമിക പരിശോധനയ്ക്കിടെ ബിഷപ്പിന് ഇസിജി പരിശോധന നടത്തുകയും ഇതില്‍ വ്യതിയാനങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നുവെന്ന് പൊലീസുദ്യോഗസ്ഥര്‍ ഇപ്പോള്‍ സ്ഥിരീകരിക്കുന്നുണ്ട്. 

കോട്ടയം മെഡി.കോളേജിലെ ഹൃദ്രോഗവിഭാഗത്തില്‍ പ്രവേശിപ്പിച്ച ബിഷപ്പിനെ ഡോക്ടര്‍മാര്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. യാത്രാമധ്യേ നെഞ്ചുവേദന ഉണ്ടെന്ന് ബിഷപ്പ് പറഞ്ഞപ്പോള്‍ അദ്ദേഹത്തെ നേരെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു വരികയായിരുന്നുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചാവും ബിഷപ്പിനെ എവിടെ പാര്‍പ്പിക്കണം എന്ന കാര്യം പൊലീസ് തീരുമാനിക്കും. 

അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി സുഭാഷിനോട് തനിക്ക് നെഞ്ച് വേദനയുണ്ടെന്നും ഇസിജിയില്‍ വ്യതിയാനമുണ്ടെന്നും ബിഷപ്പ് പറഞ്ഞതായാണ് സൂചന. ഇതോടെ വാഹനവ്യൂഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് തിരിച്ചു വിടാന്‍ ഡിവൈഎസ്പി നിര്‍ദേശിക്കുകയായിരുന്നു. നിലവിലെ സംഭവവികാസങ്ങള്‍ ഡിവൈഎസ്പി മേലുദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ട്. ബിഷപ്പിനെ ഇന്നു രാത്രി പൊലീസ് ക്ലബില്‍ താമസിപ്പിക്കാനും നാളെ രാവിലെ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കാനുമായിരുന്നു പൊലീസിന്‍റെ പദ്ധതി. ഇതിനിടെയാണ് അപ്രതീക്ഷിതമായി ബിഷപ്പിന് നെഞ്ചുവേദനയുണ്ടായത്.വിവരമറിഞ്ഞതിനെ തുടര്‍ന്ന് കോട്ടയം പൊലീസ് ക്ലബില്‍ ബിഷപ്പിനെ കാത്തിരിക്കുകയായിരുന്ന എസ്.പി ഹരിശങ്കര്‍ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി. 

click me!